പല്ലു വെളുക്കാന്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് കരിക്കട്ടയും ഉമിക്കരിയുമൊക്കെ. കരിക്കട്ട പല്ല് തേക്കാന്‍ ഉപയോഗിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക. അത് നിങ്ങളുടെ പല്ലിന് ദോഷം ചെയ്യും. പല്ല് വെളുപ്പിക്കില്ലെന്നു മാത്രമല്ല, ഇത് പല്ലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുമെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പല്ലിലെ മഞ്ഞക്കറ കളയാനും പല്ലിന് ആരോഗ്യം നല്‍കാനുമാണ് കരിക്കട്ട കൊണ്ട് പല്ല് തേക്കുന്നത്. ചായ, കാപ്പി, വൈന്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന പല്ലിലെ കറ മാറിക്കിട്ടുമെന്നാണ്. ഈ കറ പല്ലില്‍ നിന്ന് നീക്കം ചെയ്യാന്‍ കരിക്കട്ട കൊണ്ട് തേക്കുന്നത് ഗുണം ചെയ്യുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു. ഇതിനായി കരി പൊടിച്ച് ഒരല്‍പം വെള്ളവും ചേര്‍ത്ത് കുഴച്ച് ബ്രഷുപയോഗിച്ചാണ് തേക്കുന്നത്. കൈ കൊണ്ട് തേക്കുന്നവരും ഉണ്ട്.
എന്നാല്‍, ഓറല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചീഫ് ഡോ.നൈജല്‍ കാര്‍ട്ടര്‍ പറയുന്നതു കേള്‍ക്കുക. ഇതൊരു റിസ്‌ക് പിടിച്ച പരിപാടിയാണ്. കരിക്കട്ട പല്ല് വെളുപ്പിക്കുമെന്ന് എവിടെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പല്ലു തേക്കുമ്പോള്‍ ചില കറകളൊക്കെ പല്ലില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു എന്നതു സത്യം തന്നെയാണ്. എന്നാല്‍ ഇത് അത്യന്തം അപകടകരമാണെന്ന് അദ്ദേഹം പറയുന്നു. കാരണം, പല്ലിലെ ചില ഇനാമലുകള്‍ നഷ്ടമാകാന്‍ ഇതു കാരണമാകും.
ഇത് പല്ലുകള്‍ ദ്രവീകരിക്കുന്നതിനും ഭാവിയില്‍ കൂടുതല്‍ ദന്തരോഗങ്ങള്‍ക്കും ഇടയാക്കും. കരിയും തേനും ചേര്‍ത്ത മിശ്രിതമായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇത് പല്ല് അഴുകുന്നതിനും മറ്റും ഇടയാക്കും. അതുകൊണ്ട് കരിക്കട്ട ഉപയോഗിക്കുന്നതിനു പകരം ടൂത്ത് പേസ്റ്റ് ഉപയോഗിക്കൂ എന്നാണ് കാര്‍ട്ടര്‍ പറയുന്നത്.