ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കില്ല

കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിട്ടുനല്‍കണമെന്ന എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് ഇരയുടെ സുരക്ഷയേയും സ്വകാര്യതയേയും മാനിക്കുമെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം മാനിച്ചാണ് കോടതിയുടെ നടപടി. ദൃശ്യത്തിന്റെ പകര്‍പ്പ് വിട്ടുനല്‍കണമെന്നും അത് പ്രതിയുടെ അവകാശമാണ്. വിചാരണയ്ക്കു മുന്‍പ് ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിട്ടുനല്‍കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിലെ സുപ്രധാന തെളിവുകളില്‍ ഒന്നാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട ഒട്ടുമിക്ക രേഖകളും തെളിവുകളും കോടതി വിട്ടുനല്‍കിയിരുന്നു.

അതേസമയം, കേസിലെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പ്രത്യേകം കോടതി വേണമോ എന്നത് ഈ കോടതിയാകും തീരുമാനിക്കുക. വളരെ വേഗത്തിലുള്ള വിചാരണ നടപടികള്‍ വേണമെന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി കൊണ്ട് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 290 ഓളം തെളിവുകളും രേഖകളുമാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. ഇവയെല്ലാം വിട്ടുനല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 180 ഓളം രേഖകളും തെളിവുകളുമാണ് ദിലീപിന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. കേസില്‍ രണ്ടു കുറ്റപത്രങ്ങളിലായി ദിലീപ് ഉള്‍പ്പെടെ 12 ഓളം പ്രതികളാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top