തന്റെ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രശസ്ത താരം ജയസൂര്യയെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കണ്ട് തിരിച്ചെത്തിയ ജയസൂര്യ പറഞ്ഞതിങ്ങനെ. ഒരുമാതിരി കോപ്പിലെ ദിവസമായിപ്പോയി എന്ന തലക്കെട്ട് നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ്. ലഹരിക്കടിമയായ സുഹൃത്തിന്റെ ജീവിതം കണ്ട് ജയസൂര്യ പറഞ്ഞു, ജീവിതം കഞ്ചാവിന് തിന്നാനുള്ളതാണോ?
പണ്ട് കേളേജില്‍ ചുള്ളനായി നടന്നൊരു ചെറുക്കന്‍. പെണ്‍കുട്ടികള്‍ അവനോട് സംസാരിക്കാന്‍ ക്യൂ നില്‍ക്കും. അങ്ങനെ നടന്ന ചെറുക്കനിപ്പോള്‍ മെലിഞ്ഞുണങ്ങി ആശുപത്രിയില്‍ കിടക്കുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്ത് എന്ന സുഹൃത്തിന്റെ അനുഭവമാണ് ജയസൂര്യ പങ്കുവയ്ക്കുന്നത്.
രാവിലെ തന്നെ എന്റെ ഒരു ഫ്രണ്ട് വിളിച്ചിട്ട് ചോദിച്ചു. അളിയാ നീ എവിടെയാന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ വീട്ടിലുണ്ട് എന്താടാ. എടാ നമ്മുടെ പ്രശാന്ത് സീരിയസായിട്ട് ഹോസ്പിറ്റലിലാ. നീ പറ്റിയാ ഒന്ന് വാ. ഞാന്‍ വരാടാ. എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് നേരെ ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്റെ ദൈവമേ. കോളേജിലെ ചുള്ളന്‍ ചെക്കന്‍ ആയിരുന്നു. പെണ്ണുങ്ങള്‍ ഇവനെ പരിചയപ്പെടാന്‍ പൊറകെ നടന്ന കഥകളൊക്കെ എനിയക്കറിയാം. അവന്‍ ഐസിയുവില്‍ കിടക്കുന്ന കിടപ്പ് കണ്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി.
ഒരു മെലിഞ്ഞ് ഉണങ്ങിയ ഒരു രൂപം. കണ്ണൊക്കെ കുഴിഞ്ഞ് തൊട്ടാല്‍ ചോര വരും എന്ന് തോന്നിയിരുന്ന കവിളാണ്, അതൊക്കെ ഒട്ടി കവിളെല്ലൊക്കെ ഇപ്പൊ ശരിയക്ക് കാണാം.. ഇവന്‍ ബെംഗളൂരുവില്‍ പഠിയ്ക്കാന്‍ പോയതാ.. കോളേജില്‍ പഠിക്കുമ്പോഴേ അത്യാവശ്യം വലിയൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോ നിയന്ത്രിക്കാന്‍ ചെയ്യാന്‍ ആരുമില്ലല്ലോ.. വൈകുന്നേരമാകുമ്പോ വെള്ളമടി പതുക്കെ അങ്ങ് തൊടങ്ങി. അപ്പന്‍ കാശ് അയച്ചു കൊടുക്കോല്ലോ. അങ്ങനെ കൊറച്ച് വര്‍ഷം കഴിഞ്ഞപ്പോ അവന് തെരക്കേടില്ലാത്ത ഒരു ജോലി കിട്ടി. പിന്നെ വെള്ളമടി മാറി മറ്റേ വലിയായി (കഞ്ചാവ്) കൊറച്ച് കഴിഞ്ഞ് സാറിന് അതീന്നും വളരണം എന്നായി, ജോലിയില്‍ വളര്‍ന്നില്ല പക്ഷേ ഇതില്‍ വളര്‍ന്നു; പച്ച കളര്‍ കാണും, നീല കളര്‍ കാണും, ഫോക്കസ് കൂടും എന്നൊക്കെ പറഞ്ഞായിരുന്നു ഫുള്‍ അങ്കം.. പിന്നേ എല്‍എസ്ഡി എന്ന് പറയുന്ന പുതിയ എന്തോ കുന്തത്തിലേയ്ക്ക് തിരിഞ്ഞു.
അതോടെ എല്ലാം തീരുമാനമായി, ഇവന്റെ നിലപാട് ഇതാണ്.. ആകെ ഒരു ജീവിതമേ ഉള്ളൂ.. അത് മാക്‌സിമം എന്‍ജോയി ചെയ്യുക.. ഇതാണോ എന്‍ജോയിങ്‌മെന്റ്? ആത്മഹത്യ ചെയ്യുന്നവനും ഒരു ന്യായം ഉണ്ടല്ലോ; ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ നല്ല ചവിട്ട് വെച്ച് കൊടുക്കാനാ തോന്നിയത് ആ പാവം അപ്പന്റെയും, അമ്മേടേം മുഖം കണ്ടപ്പൊ..
ആ ഐസിയുവിന്റെ മുന്‍പില്‍ ഒരു എല്‍എസ്ഡി ക്കാരനെയും ഞാനപ്പൊ കണ്ടില്ല. അല്ല ഇനി വന്നാലും അവര്‍ക്കൊന്നും ചെയ്യാനും പറ്റില്ല. ആകെ ഒരു ജീവിതമേയുള്ളൂ.. അത് കഞ്ചാവിന് തിന്നാനുള്ളതാണോ, അതോ മദ്യത്തിന് തിന്നാന്‍ കൊടുക്കാനുള്ളതാണോ എന്ന് തീരുമാനിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതം എന്താണെന്ന് അറിയാതെ പോകും.