അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള വിവാദം നിലനില്‍ക്കവെ മണിയുടെ ബോധംകെടലിനെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത് രംഗത്ത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ഹിറ്റ് ചിത്രത്തിലെ മണിയുടെ അഭിനയത്തിന് എല്ലാവരും മികച്ച നടന്‍ എന്ന പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഒരു അവാര്‍ഡും ലഭിച്ചില്ലെന്നറിഞ്ഞപ്പോള്‍ മണിക്ക് തന്നെ അത് താങ്ങാനായില്ലെന്നായിരുന്നു വാര്‍ത്തകള്‍.
അവാര്‍ഡ് പ്രഖ്യാപനം കേട്ട മണി ബോധംകെട്ട് വീണെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ മണി തയ്യാറായില്ലായിരുന്നു. ഇപ്പോഴും അതിനെപ്പറ്റിയുള്ള സത്യാവസ്ഥ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. എന്നാല്‍, അത് വെറും ഒരു നാടകം മാത്രമായിരുന്നുവെന്നാണ് മണിയുടെ സുഹൃത്ത് പറയുന്നത്.
എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത്? ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറിയ മണി ഒരിക്കലും നിസാരമായ അവാര്‍ഡിന് വേണ്ടി ബോധം കെട്ടു വീഴുന്ന ആളല്ലെന്ന് തിരക്കഥാകൃത്തും സുഹൃത്തുമായ ഹരിദാസ് കരിവെള്ളൂര്‍. മണിയുടെ ബോധം കെടല്‍ ഒരു നാടകമായിരുന്നുവെന്ന് ഹരിദാസ് വെളിപ്പെടുത്തി. അവാര്‍ഡ് ലഭിക്കാത്തതിന്റെ പേരില്‍ ബോധം കെട്ട നടനെന്ന് മരണ ശേഷവും അദ്ദേഹത്തെ പലരും പരിഹസിക്കുന്നതിനാലാണ് താനിത് തുറന്നു പറയാന്‍ തയ്യാറാകുന്നതെന്നും ഹരിദാസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഹരിദാസ് പറയുന്നത് ഇങ്ങനെ: അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്ന് മണി അവസാന റൗണ്ടിലുണ്ടെന്ന് ഒരു ജൂറി അംഗം മണിയെ വിളിച്ചു പറഞ്ഞിരുന്നു. മണി ഇക്കാര്യം സുഹൃത്തുക്കളോടും പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസവും പുരസ്‌കാരം മണിക്ക് തന്നെയെന്ന് ഈ ജൂറി അംഗം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ഇതോടെ ചാലക്കുടിയില്‍ മണിയുടെ സുഹൃത്തുക്കളും നാട്ടുകാരും ആഘോഷം തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ മണിയുടെ പ്രതികരണം എടുക്കാന്‍ മാധ്യമങ്ങളും തിരക്കുകൂട്ടി.
എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സാംസ്‌കാരിക മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മികച്ച നടനുള്ള പുരസ്‌കാരത്തില്‍ നിന്നും മണിയുടെ പേര് വെട്ടി പകരം പ്രത്യേക പരാമര്‍ശമാക്കി. വിവരം മന്ത്രി തന്നെ മണിയെ വിളിച്ചു പറഞ്ഞു. രോക്ഷാകുലനായ മണി പൊട്ടിത്തെറിച്ചു. അപ്പോഴത്തെ ക്ഷോഭത്തില്‍ മന്ത്രിയെ ചീത്ത വിളിച്ചു. എന്നാല്‍ അവാര്‍ഡ് ലഭിക്കാതിരുന്നതിന് മണി മന്ത്രിയെ ചീത്ത വിളിച്ചുവെന്ന് വാര്‍ത്ത പ്രചരിക്കാനിടയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ ബോധക്കേട് അഭിനയിക്കാന്‍ മണിയുടെ അടുത്ത സുഹൃത്തായ ഒരു വക്കീല്‍ ഉപദേശിക്കുകയായിരുന്നു.
വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് മണി ബോധക്കേട് അഭിനയിച്ചതെന്ന് ഹരിദാസ് പറഞ്ഞു. ഇതോടെ മാധ്യമങ്ങളില്‍ മണിയുടെ ബോധക്കേട് വാര്‍ത്തയായി. കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മണി തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹരിദാസ് വെളിപ്പെടുത്തി.