ഓരോ സൂപ്പര്‍ സ്റ്റാറുകളുകള്‍ക്കും അവര്‍ കഷ്ടപ്പെട്ടതിന്റെ കഥകള്‍ പറയാനുണ്ടാകും. ഓരു വേഷത്തിനുവേണ്ടി പല സംവിധായകരുടെ വീടു കയറിയ കഥകളും. വേഷങ്ങള്‍ ഒരിക്കലും തേടിയെത്തിലല്ലോ. നല്ല വേഷങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കേണ്ടിവരും. എന്നാല്‍, മനോജ് കെ ജയന്‍ എന്ന കലാകാരന് വേഷങ്ങള്‍ തേടി പോകേണ്ടി വന്നിട്ടില്ല.
പുതുമയാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്‍. തമിഴ് ,തെലുഗു,കന്നഡ ഭാഷകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച അഭിനേതാവാണ് മനോജ് കെ ജയന്‍. മാത്രമല്ല ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴാന്‍ തുടങ്ങിയപ്പോഴും തിരശീലയില്‍ നിലനില്‍ക്കാന്‍ ഭാഗ്യം ലഭിച്ച നടന്മാരില്‍ അപൂര്‍വ്വം ചിലരിലൊരാളാണ് മനോജ്.
എന്നാല്‍ താന്‍ അവസരങ്ങളെ ഒരിക്കലും തേടി പോയിട്ടില്ലെന്നും തനിക്ക് റോളുകള്‍ തേടിയെത്താറാണ് പതിവെന്നും നടന്‍ പറയുന്നു. ഇത് തന്നെയാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധവും എന്ന് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇക്കാലത്തിനിടെ അഭിനയിച്ചിട്ടുള്ള എല്ലാ ഭാഷകളിലുമായി 170 സിനിമകളില്‍ മാത്രമാണ് തനിക്ക് പങ്കാളിയാകാന്‍ കഴിഞ്ഞതെന്നും നടന്‍ പറയുന്നു.
എന്നെ തേടി വരുന്ന റോളുകള്‍ മാത്രമേ ചെയ്യാറുള്ളൂ എന്നും സിനിമകളിലേയ്ക്ക് തന്റെ പേര് നിര്‍ദേശിക്കാനായി പ്രത്യേക സംഘമോ അത്തരത്തിലുള്ള സൗഹൃദ വലയങ്ങളോ തനിക്ക് ഇല്ലെന്നും താരം പറഞ്ഞു. കുടുംബവും സിനിമയും ഒരേ പോലെ കൊണ്ടുപോകണം എന്നതാണ് തന്റെ നിലപാടെന്നും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ എന്നും പിന്നോട്ടാണെന്നും താരം വ്യക്തമാക്കി. സിനിമയില്‍ അവസരം തന്നു എന്നുകരുതി സംവിധായകരെ ഫോണ്‍ ചെയ്ത് മെനക്കെടുത്താനോ ചാറ്റ് ചെയ്ത് ശല്യംചെയ്യാനോ പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പുതുതലമുറക്കാര്‍ക്ക് സിനിമയോടുള്ള സമീപനം തന്നെ മാറിയെന്നും എന്നാല്‍ ഇന്നത്തെ സിനിമയെ അംഗീകരിക്കുന്നില്ല എന്നല്ല പറയുന്നതെന്നും നടന്‍ കൂട്ടി ചേര്‍ത്തു. അന്നത്തെ സിനിമകള്‍ വിഭവങ്ങള്‍ എല്ലാം നിറഞ്ഞ സദ്യ പോലെയായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ സിനിമകള്‍ ജങ്ക് ഫുഡ് പോലെയാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അത് തന്നെയാണ് ഇഷ്ടമെന്നും നടന്‍ പറയുന്നു.