പത്തനാപുരം: പത്തനാപുരത്ത് മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങിയ സംഭവം താരങ്ങള്‍ക്കിടയില്‍ പുകയുന്നു. മിക്ക താരങ്ങളും ഇതില്‍ അതൃപ്തി രേഖപ്പെടുത്തി. മോഹന്‍ലാല്‍ ചെയ്തത് തീരെ ശരിയായില്ലെന്നാണ് നടനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് പറയുന്നത്. മോഹന്‍ലാലിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. പ്രചാരണത്തിന് എത്തിയതില്‍ വിഷമമുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചലച്ചിത്രതാരങ്ങള്‍ എത്തരുതെന്ന് അമ്മയില്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. അതിന് വിരുദ്ധമായ നിലപാട് മോഹന്‍ലാല്‍ എടുത്തതില്‍ വേദനയുണ്ട്. എല്ലാവര്‍ക്കും വിഷമവുമുണ്ട്. അമ്മയിലെ പലരും വിളിച്ചത് സംസാരിച്ചിരുന്നു. സലിംകുമാറിന് വളരെയധികം വിഷമമുണ്ടെന്ന് അറിയിച്ചിരുന്നു. ആ വികാരം തന്നെയാണ് അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും.
അമ്മയിലെ അംഗങ്ങള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. അമ്മ നിഷ്പക്ഷ പ്രചാരണമാണ് നടത്തുന്നതെന്നാണ് ഇന്നസെന്റ് അറിയിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്രചാരണത്തിന് എത്തുന്നതില്‍ തെറ്റില്ല. ഇന്നസെന്റ് സിപിഎമ്മിന്റെ ഭാഗമാണ്. അദ്ദേഹം പ്രചാരണത്തിന് പോകുന്നതില്‍ എതിര്‍പ്പില്ല. അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയാലും പ്രശ്‌നമില്ല.
മോഹന്‍ലാല്‍ എത്തുന്നതായി ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചതിനുശേഷമാണ് വിവരം പുറത്തുവിടുന്നത്. മോഹന്‍ലാല്‍ വരില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇന്നലെ എന്താണ് മാറിയതെന്ന് അറിയില്ല. എനിക്ക് വ്യക്തിപരമായ ആശംസകള്‍ അദ്ദേഹം നേര്‍ന്നിരുന്നു. ഗണേഷ്‌കുമാറിനെ പരിചയപ്പെടുന്നതിനു മുന്‍പേ സുഹൃത്തുക്കളാണ് ഞങ്ങള്‍. വോട്ടഭ്യര്‍ഥിച്ചില്ലെന്ന് ന്യായം പറയാമെങ്കില്‍ പോലും ഇവിടെവന്ന് സുഹൃത്തിനെ കണ്ടപ്പോള്‍ ഞാനും സുഹൃത്താണ്. ഈ സുഹൃത്തിനെ കൈവെടിഞ്ഞിട്ട് മറ്റൊരു സുഹൃത്തിന്റെ കൈകൊടുത്തതില്‍ വേദനയുണ്ട്. മോഹന്‍ലാലിനെ ഞാന്‍ സഹോദരനെ പോലെയാണ് കരുതിയിരുന്നത്.
മോഹന്‍ലാല്‍ വന്നിതിന്റെ പിന്നില്‍ ഗണേഷിന്റെ ബ്ലാക്‌മെയിലിങ് ആണോയെന്ന് പലരും ചോദിച്ചു. എന്തു ബ്ലാക്ക്‌മെയില്‍ ആണെന്നുള്ളത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം. മഹാനായ ഒരു നടനെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ബ്ലാക്ക്‌മെയില്‍ ചെയ്താണ് മോഹന്‍ലാലിനെ പത്തനാപുരത്തുനിന്ന് എത്തിച്ചതെന്ന് ഒരു മാധ്യമത്തില്‍ നിന്നാണ് വിളിച്ചുപറഞ്ഞത്. താന്‍ അത്തരത്തിലൊരു ആരോപണവും ഉന്നയിക്കുന്നില്ല. മോഹന്‍ലാലിനെ പോലെ ഒരു വലിയ നടനെ അത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെങ്കില്‍ അത് മോശമാണെന്നും ജഗദീഷ് പറഞ്ഞു.