കേരളത്തിൽ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; കാസര്‍കോട് വനമേഖലയില്‍ സംയുക്ത പരിശോധന

കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. കാസര്‍കോട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിനാണ് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട് മണ്ഡലത്തിലെ കര്‍ണാടകയോട് ചേര്‍ന്ന കിഴക്കന്‍ മലയോര പ്രദേശത്തെ തിരഞ്ഞെടുപ്പാണ് മാവോയിസ്റ്റുകള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വനമേഖലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും തടസപ്പെടുത്തുമെന്നും ഭീഷണിയുള്ളത്. ഇതുസംബന്ധിച്ച് പൊലീസ്, ഇന്റലിജന്‍സ് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്രനിര്‍ദ്ദേശ പ്രകാരം കോയമ്പത്തൂരില്‍ നിന്നുള്ള സി.ഐ.എസ്.എഫിന്റെ സംഘം മലയോരത്ത് പരിശോധന നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ പ്രത്യേക സുരക്ഷയൊരുക്കി നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചു. കൂടാതെ ആഭ്യന്തര വകുപ്പിന്റെയും ഇലക്ഷന്‍ കമ്മിഷന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ വനമേഖലയില്‍ സംയുക്ത സംഘം ഇന്നലെ പരിശോധന നടത്തി.

ചിറ്റാരിക്കാല്‍, രാജപുരം, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. സുജിത് ബാബു, ജില്ലാ പൊലീസ് ചീഫ് ജെയ്‌സണ്‍ ജോസഫ്, കാസര്‍കോട് ഫോറസ്റ്റ് ഓഫീസര്‍ രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച പരിശോധന മണിക്കൂറുകള്‍ നീണ്ടു. കാട്ടിലെ പോളിംഗ് ബൂത്തുകളും പരിശോധിച്ചു.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീവന്‍, എസ്.ഐമാരായ കെ.വി. ഉമേശന്‍, ശ്രീദാസ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ചിറ്റാരിക്കാല്‍, തയ്യേനി, പാലാവയല്‍, കൊന്നക്കാട്, പാണത്തൂര്‍ ഭാഗങ്ങളിലെ കാട്ടിനുള്ളില്‍ വ്യാപകമായ തെരച്ചിലും നടത്തിയാണ് സംഘം മടങ്ങിയത്.

Top