കൊച്ചി: മോഹന്‍ലാല്‍-സുചിത്ര കല്ല്യാണം പ്രണയവിവാഹമായിരുന്നോ? അതെയെന്ന് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശേരി എഴുതുകയാണ്. തിക്കുറിശ്ശിയാണ് തന്നോട് ഇത് പറഞ്ഞതെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍.
സംഭവത്തെ കുറിച്ച് പല്ലിശ്ശേരി കുറിക്കുന്നത് ഇങ്ങനെ:
30 വര്‍ഷമായി മോഹന്‍ലാല്‍ സുചിത്ര വിവാഹം കഴിഞ്ഞിട്ട്. അന്നൊന്നും ചോദിക്കാത്ത പല കാര്യങ്ങളാണ് പുതിയ തലമുറയ്ക്ക് അറിയേണ്ടത്. ‘ മോഹന്‍ലാല്‍ സുചിത്ര’ പ്രണയ വിവാഹമായിരുന്നുവെന്ന് ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനാണ് പുറത്തു വിട്ടതെന്നും അയാള്‍ കണ്ണൂര്‍ക്കാരനാണെന്നും അറിയാന്‍ ഇടയായി പോലും. വര്‍ഷങ്ങളായി ഈ രംഗത്തു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകനായത് കൊണ്ട് അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അറിയുമോ എന്നാണ് ചിലരുടെ ചോദ്യം.
അറിയുമോ എന്നു ചോദിച്ചാല്‍ നേരിട്ട് ഒന്നും അനുഭവമില്ല. എല്ലാം മറ്റുള്ളവരില്‍ നിന്നാണ് കേട്ടത്. പ്രിയന്റെ മിക്ക സിനിമകളുടെയും വര്‍ക്കുകള്‍ ബാലാജി സ്റ്റുഡിയോയിലായിരുന്നു. പ്രശസ്ത നിര്‍മ്മാതാവെന്ന നിലയില്‍ കെ ബാലാജി കഴിയുന്ന രീതിയില്‍ പലരെയും സഹായിച്ചിരുന്നു. ഡബ്ബിങ്ങ് നടക്കുബോഴും റെക്കോഡിങ് നടക്കുബോഴും ഒരാള്‍ അറിയാതെ അവിടെ വരുമായിരുന്നു. ബാലാജിയുടെ മകള്‍ സുചിത്ര.
അങ്ങനെയാണ് മോഹന്‍ലാലിന്റെ അഭിനയ രീതി ഇഷ്ടപ്പെട്ടത്. ഇതൊന്നും ലാല്‍ അറിഞ്ഞിരുന്നില്ല. സിനിമയില്‍ ലാല്‍ അഭിനയിച്ച പാട്ടു സീന്‍ ഉണ്ടെങ്കില്‍ അത് പ്രത്യേകം കാണുമായിരുന്നു. അങ്ങനെ ഒരിഷ്ടം വളര്‍ന്നു എന്നാണ് സ്റ്റുഡിയോ വാര്‍ത്തകള്‍. ഒരു ദിവസം ഞാന്‍ പ്രിയദര്‍ശനോടും സുരേഷ് കുമാറിനോടും ഇക്കാര്യം ചോദിച്ചു. രണ്ടുപേരും ശബ്ദമുണ്ടാക്കി ചിരിച്ചു.
‘പ്രിയന്‍ പറയും.വ്യക്തമായി അറിയുന്നത് പ്രിയനാണ്. സുരേഷ് കുമാര്‍ ഒഴിഞ്ഞു മാറി.
‘എന്നെക്കാള്‍ കൂടുതല്‍ സുരേഷിനറിയാം’ പ്രിയന്‍ വന്ന് സുരേഷിനു തട്ടി.
എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞ് സുരേഷ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാനൊരു വെടി പൊട്ടിച്ചു. ‘ എനിക്കറിയാവുന്ന രീതിയില്‍ എഴുതും. എവിടെയെങ്കിലും തെറ്റു പറ്റിയാല്‍ അതെന്നെ ബാധിക്കില്ല. നിങ്ങള്‍ രണ്ടു പേരുമാണ് വാര്‍ത്ത തന്നതെന്ന് പറയേണ്ടവരോട് പറയും’.
എന്നാ എഴുതിക്കോ…. ഇതാണല്ലോ തന്റെ കുഴപ്പം. ഒരുതരം ചീറ്റിങ്’. സുരേഷ്‌കുമാര്‍ ചൂടായി.
എനിക്ക് ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയണം. മറ്റു പലരെക്കുറിച്ചും വാര്‍ത്ത തരുമ്പോള്‍ ഇതു പതിവില്ലല്ലോ…’
ഇതാണ് തന്റെ സ്വഭാവം വാര്‍ത്ത കിട്ടിയില്ലെങ്കില്‍ എതിരാകും. ഞങ്ങളെന്താ വാര്‍ത്താ കച്ചവടക്കാരാണോ?
കിട്ടിയതൊക്കെ തന്നിട്ടില്ലെ? അതുപോലെ ഇക്കാര്യവും തരാം. അതിനു പറ്റിയ ഒരാളുടെ പേരു പറയാം, തിക്കുറിശ്ശി ചേട്ടന്‍ അദ്ദേഹമാണ് ബ്രോക്കര്‍’.പ്രിയദര്‍ശന്‍ ഇരട്ട ശബ്ദത്തില്‍ ചിരിച്ചു.’ അങ്ങോട്ടു പോണ്ട. അങ്ങേരുടെ വായില്‍ മുഴുത്ത സാധനം കേള്‍ക്കേണ്ടി വരും.
സുരേഷ്‌കുമാര്‍ എന്നെ പിന്തിരിപ്പിച്ചു എന്നിട്ടും ഞാന്‍ തിക്കുറിശ്ശിയെ കണ്ടു. ലാലിനെ അത്രയ്ക്കും സ്‌നേഹമായിരുന്നു തിക്കുറിശ്ശിക്ക്’ തിക്കുറിശ്ശി ചേട്ടന്‍ കല്യാണ ബ്രോക്കറാണല്ലെ’ ‘ആരാ ഈ രഹസ്യം പറഞ്ഞത്’ ‘ പ്രിയദര്‍ശന്‍’
‘അവന്‍ തന്നെ എനിക്കു പാരയാകണം. ലാലിന്റെ കാര്യത്തിലാണല്ലോ ഞാന്‍ ബ്രോക്കറാണെന്നു പറയാന്‍ കാരണം.’ ‘എനിക്കതില്‍ സന്തോഷമേയുള്ളു. ലാലും സുചിത്രയുമായി ഇഷ്ടത്തിലാണ്. ഞാന്‍ ഇക്കാര്യം ബാലാജിയുമായി സംസാരിച്ചു. ലാലിനെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്…’ അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും.