തിരുവനന്തപുരം: ചലച്ചിത്രതാരങ്ങള്‍ സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയതും അവര്‍ക്ക് വേണ്ടി മറ്റ് താരങ്ങള്‍ പ്രചരണത്തിനിറങ്ങുന്നതും താരസംഘടനയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ പത്തനാപുരത്ത് എല്‍ഡിഎഫിനുവേണ്ടി മത്സരിക്കുന്ന കെബി ഗണേഷ് കുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങിയതാണ് ഇപ്പോള്‍ ‘അമ്മ’ യില്‍ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്.
പ്രതിഷേധത്തെ തുടര്‍ന്ന് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു. താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന സ്ഥലങ്ങളില്‍ അമ്മയുടെ പ്രതിനിധികള്‍ പ്രചാരണത്തിന് പോകരുതെന്ന അമ്മയ്ക്കുള്ളിലെ അലിഖിത നിയമം ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സലിംകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ നിലപാടിനെ താന്‍ ചോദ്യം ചെയ്യുന്നില്ല. വ്യക്തി സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. മോഹന്‍ലാലിന് പ്രചാരണത്തിന് പോകണമെങ്കില്‍ അമ്മയുടെ ഭാരവാഹിത്വം രാജിവച്ചു വേണമായിരുന്നു പോകാനെന്നും സലിംകുമാര്‍ പറഞ്ഞു. രാജിക്കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക് അയച്ചുകൊടുത്തു.
അമ്മയില്‍ എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. താന്‍ വരില്ലെന്ന് ജഗദീഷിനേട് ഇന്നസെന്റ് പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പ്രചാരണത്തിന് എത്തിയതില്‍ വേദനയുണ്ടെന്ന് ജഗദീഷ് തന്നോട്നേരിട്ടു പറഞ്ഞു. എന്തിന്റെ പേരിലായായും കലാകാരന്മാര്‍ക്ക് നട്ടെല്ലുണ്ടാവവണം. അല്ലാതെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ആവരുത്. ഈ സംഘടനയില്‍ തുടരുന്നതില്‍ ഇനി അര്‍ഥമില്ലെന്ന തിരിച്ചറിഞ്ഞാണ് രാജി തീരുമാനമെന്ന് സലിംകുമാര്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ സന്ദര്‍ശനം ജഗദീഷിനെയും ഭീമന്‍ രഘുവിനേയും എത്രമാത്രം വേദനലിപ്പിച്ചിട്ടുണ്ടാവും. അമ്മയില്‍ സാധാരണ അംഗങ്ങള്‍ക്ക് നീതിലഭിക്കണമെന്നും സലീംകുമാര്‍ പറഞ്ഞു.
തന്റെ വേദനയാണ് സലിംകുമാര്‍ പ്രകടിപ്പിച്ചതെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പ്രതികരിച്ചു.
ലാല്‍ വന്നതില്‍ അമ്മയില്‍ നിരവധി പേര്‍ക്ക് വേദനയുണ്ട്. അതിന്റെ പ്രതിഫലനമാണ് സലിംകുമാറിന്റെ രാജി. ലാല്‍ പ്രചാരണത്തിന് വരുന്നതിന് തൊട്ടു തലേന്ന് തന്നെ വിളിച്ച ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനു വേണ്ടി തനിക്ക് വിജയാശംസ നേര്‍ന്നിരുന്നു. പ്രിയദര്‍ശനും തന്നെ വിളിച്ച് ആശംസ നേര്‍ന്നതാണ്. മോഹന്‍ലാലിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പിന്നില്‍ ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയമുണ്ടെന്ന് ആരോപണമുണ്ടെന്നും ജഗദീഷ് ആരോപിച്ചു.