ന്യുഡൽഹി:ബോളിവുഡ് നടൻ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഞാറാഴ്ച്ചയാണ് .സുശാന്ത് സിങ് രജ്പുതിന്റെ അകാല മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണു താരത്തെ കണ്ടെത്തിയത്. സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയൻ ആത്മഹത്യ ചെയ്ത് ആറു ദിവസങ്ങൾക്കു ശേഷമാണ് നടനെയും മരിച്ച നിലയിൽ കണ്ടെത്തിയത് എന്നതാണു യാദൃശ്ചികത. ജൂൺ 8ന് മുംബൈയിലെ മലഡിലുള്ള 14 നില കെട്ടിടത്തിൽ നിന്ന് ചാടിയാണ് ദിശ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിശ താഴേയ്ക്ക് ചാടിയത്.
അതേസമയം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുശാന്തിന്റെ മരണം നടുക്കമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘സുശാന്ത് സിംഗ് രാജ്പുത്…. പ്രതിഭയുള്ള ഒരു നടൻ വളരെ നേരത്തെ പോയി. ടിവിയിലും സിനിമകളിലും അദ്ദേഹം മികവ് പുലർത്തി. വിനോദലോകത്ത് പലർക്കും പ്രചോദനമായാണ് അദ്ദേഹം ഉയർന്നുവന്നത്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങൾ ഓർമകളിലേക്ക് അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ മരണത്തിൽ നടുങ്ങിപ്പോയി. കുടുംബത്തിനും ആരാധകർക്കും ഒപ്പം. ഓം ശാന്തി’ – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ബോളിവുഡ് താരം അക്ഷയ് കുമാറും സുശാന്തിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി. സത്യം പറഞ്ഞാൽ താൻ ഞെട്ടിപ്പോയെന്നും ഒന്നും പറയാൻ കഴിയില്ലെന്നു അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. സുശാന്തിന്റെ വിയോഗം സഹിക്കാൻ കുടുംബത്തിന് കരുത്തുണ്ടാകട്ടെയെന്ന് അദ്ദേഹം കുറിഞ്ഞു.
ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
സംഭവത്തിൽ ദിശയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകൻ രോഹൻ റായ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. രോഹനു മറ്റു പല പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതു പറഞ്ഞു ദിശയുമായി നിരന്തരം വഴക്കിട്ടിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവദിവസം നടന്ന പാർട്ടിക്കിടയിലും ഇരുവരും തമ്മിൽ വഴക്കിടകയും ദിശ ശുചിമുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കെട്ടിടത്തിൽ നിന്നു നിരവധി മദ്യക്കുപ്പികൾ കണ്ടെത്തിയതിനാൽ മുകളിൽ നിന്ന് ആകസ്മികമായി വീണതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സുശാന്ത് സിങ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സമൂഹമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുൻപേയാണു സുശാന്തിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.