കൊച്ചി: മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നു പേര് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ കാറപടകത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടൽ കേന്ദ്രീകരിച്ച് അടിമുടി ദൂരൂഹത തുടരുന്നു.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഊരിമാറ്റിയതാണ് ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്.കൊച്ചിയിലെ മോഡലുകളെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. അപകടസമയത്ത് ഇവരുടെ കാറിനെ പിന്തുടര്ന്നതായി കണ്ടെത്തിയ ഔഡി കാര്‍ ഡ്രെെവർ സൈജു അപകടശേഷം ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലീസ് കണ്ടെത്തി.
അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. റോയിയുടെ നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് സൈജു എന്നും പൊലീസ് കണ്ടെത്തി.അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്ന്ന് വന്നതെന്നുമായിരുന്നു സൈജു പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ തമാശയ്ക്ക് തുടങ്ങിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് സെെജു വെളിപ്പെടുത്തിയിരുന്നു.
നിരോധിത ലഹരിമരുന്നുകളുടെ ഉപയോഗമാണോ, അതോ അപകടത്തിൽപ്പെട്ടവരും ഹോട്ടലിൽ ഉണ്ടായിരുന്നവരും തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് നിലവിൽ പോലീസ് അന്വേഷിച്ചു വരുന്നത്.സംഭവത്തിൽ ഹാജരാകാനായി ഹോട്ടൽ ഉടമയ്ക്ക് പോലീസ് ഉടന്‍ നോട്ടീസ് നല്‍കും.
ഇതിനുളള തയാറെടുപ്പിലാണ് അന്വേഷണ സംഘം. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. പല ഉന്നതരുമായും ബന്ധമുള്ള ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഇതുവരെ ഹാജരായിട്ടില്ല.ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കടത്തിയതായി ജീവനക്കാരന് മൊഴി നല്‍കിയിരുന്നു.
അതേസമയം പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്നിറങ്ങിയ മുന്‍ മിസ് കേരള അടക്കമുള്ളവരെ പിന്തുടര്‍ന്ന ആഡംബര കാറിലുണ്ടായിരുന്ന വ്യവസായിയും കാക്കനാട് സ്വദേശിയുമായ സൈജുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇയാള്‍ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോയെന്ന് അറിയാന്‍ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. ഹോട്ടലില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞിറങ്ങിയ അന്‍സിയേയും സംഘത്തേയും ഇയാള്‍ പിന്തുടരുകയായിരുന്നു.തുടര്‍ന്ന് കുണ്ടന്നൂരില്‍ കാര്‍ തടഞ്ഞ് അന്‍സിയയുടെ സംഘവുമായി സംസാരിച്ചു. ഇതിനു ശേഷം യുവതികളും സുഹൃത്തുക്കളും അമിതവേഗത്തില്‍ പോയെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതിനാല്‍ പതുക്കെ പോകാന്‍ നിര്‍ദേശിക്കാനാണ് താന്‍ അവരെ പിന്തുടര്ന്നതെന്നാണ് സൈജു പോലീസിനു നല്കിയ മൊഴി.പ്രാഥമിക അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും ഇയാള്‍ കാറിനെ പിന്തുടര്ന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനാല്‍ത്തന്നെ കുണ്ടന്നൂര്‍ മുതല്‍ പാലാരിവട്ടം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കും. അതിനുശേഷം ഇയാളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.അതേസമയം ഹോട്ടലില്‍ തര്‍ക്കം നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെടുകയാണ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിംഗ് ഏരിയയിലേയും സിസിടിവി ദൃശ്യങ്ങളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.അതിനാല്‍ തന്നെ ഇവിടെ വച്ച് ഏതെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കം നടന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെത്തുടര്ന്നായിരിക്കാം അന്‍സിയും സംഘവും ഹോട്ടല്‍ വിട്ടതെന്നും പോലീസിന് സംശയമുണ്ട്.ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.അന്‍സിയും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ പോലീസ് ചോദ്യം ചെയ്യും. ഇയാളെ മുമ്പ് ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമാണ് ലഭിച്ചത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഉടന്‍ അപേക്ഷ നല്‍കും.