കണ്ണൂർ : ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്.. ബാലതാരമായി സിനിമയിൽ എത്തിയ അനശ്വര ഇപ്പോൾ നിരവധി മുൻനിര ചിത്രങ്ങളിലാണ് നായികാ വേഷത്തിൽ എത്തുന്നത്. അടുത്തിടെ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ ‘നേര്’ നിറഞ്ഞ സദസിൽ പ്രദർശനം നടത്തി കൈയ്യടി നേടുകയും, നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്‌തപ്പോൾ അനശ്വരയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കരിയറിന്റെ ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും, അതിനെ താൻ എങ്ങനെ മറികടന്നുവെന്നും വെളിപ്പെടുത്തുകയാണ് അനശ്വര.
വിമര്‍ശനം ഒരുപാടായപ്പോള്‍ തുടക്കത്തില്‍ ഞാന്‍ ഉള്‍വലിഞ്ഞുപോയി. ആത്മവിശ്വാസത്തെ ബാധിച്ചു. എല്ലാത്തിനോടും ദേഷ്യം, സങ്കടം ഒക്കെയായി. ആ സമയം വളരെ മോശമായിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നന്നായി സംസാരിക്കാന്‍ തുടങ്ങിയത്. ഇനിയും ആളുകള്‍ നല്ലതും മോശവും പറയും. പക്ഷേ, അതിലൊന്നും എനിക്ക് പരാതികളില്ല.
പ്രമുഖ മാധ്യമപ്രവർത്തക ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 2020ലാണ് താരം സ്കേർട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ പല കോണുകളിൽ നിന്നും കടുത്ത ഭാഷയിൽ വിമർശനമാണ് ഉയർന്നത്. ആ ഘട്ടത്തിൽ എങ്ങനെയാണ് ഇത്തരം എതിർ അഭിപായങ്ങളെയും കളിയാക്കലുകളെയും കുറ്റപ്പെടുത്തലിനെയും അതിജീവിച്ചതെന്ന് താരം വ്യക്തമാക്കി.
എന്റെ പതിനെട്ടാമത്തെ പിറന്നാളിന് ചേച്ചി തന്ന ഗിഫ്റ്റുകളിൽ ഒന്നായിരുന്നു അത്. 18 വയസ് ആവുന്നത് കൊണ്ട് 18 ഗിഫ്റ്റുകൾ ആണ് ചേച്ചി എനിക്ക് തന്നത്. അതിൽ അവസാനത്തേത് ആയിരുന്നു ഇത്. 18 വയസ് ആവുന്നതിന്റെ അന്ന് ഇടാമെന്നു ചേച്ചിയും അച്ഛനും പറഞ്ഞു. പിന്നെ ബർത്ത് ഡേയുടെ അന്ന് ആ ഡ്രസ് ഇട്ട് ഫോട്ടോ എടുത്തു, അത് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തു’ അനശ്വര പറഞ്ഞു.
അങ്ങനെ ഹെയ്റ്റ് കമന്റുകൾ വരുമെന്ന് ഒരിക്കലും കരുതിയില്ല. പരിചയമില്ലാത്തവർ മാത്രമല്ല അടുത്ത ആളുകൾ പോലും കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. അന്ന് എന്നെ സംരക്ഷിക്കാൻ അന്ന് ചേച്ചി തന്നെയാണ് ,മുൻപിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്ര പ്രശ്‌നം ഇല്ലാതെ കടന്നു പോവുകയായിരുന്നു’ അനശ്വര മനസ് തുറന്നു. ‘പക്ഷേ അത് എന്റെയുള്ളിൽ പേടിയുണ്ടാക്കി. പിന്നീട് എന്ത് ചെയ്യുമ്പോഴും അതിൽ കൂടുതൽ ശ്രദ്ധിക്കണം എന്നായി.എന്തെങ്കിലും ചെയ്‌താലോ പറഞ്ഞാലോ പ്രശ്‌നം ആകുമോ എന്നൊരു ഭയം എന്റെ ഉള്ളിൽ ഉണ്ടായി. ട്രോളുകളും റീലുകളും ഞാൻ പരമാവധി ഒഴിവാക്കി. എന്റെ അഭിമുഖത്തിന്റെ റീൽ വന്നാൽ പോലും ഞാൻ അതിന്റെ കമന്റ് ബോക്‌സ് നോക്കാറില്ലായിരുന്നു, അത് കൂടുതൽ ദുർബലയാക്കുമോ എന്നായിരുന്നു പേടി’ അനശ്വര പറയുന്നു.
ആ ഭയം എന്റെ പെരുമാറ്റത്തിലും കടന്നുവന്നിരുന്നു. ഇന്റർവ്യൂവിലൊക്കെ ഓരോന്ന് പറയുമ്പോഴും അതിന് മുൻപ് ഒരുപാട് ആലോചിക്കാറുണ്ടായിരുന്നു. ഒരിക്കലും അങ്ങനെ ഒരാൾ ആയിരുന്നില്ല ഞാൻ. എന്നെ അറിയാവുന്നവർ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് പറ്റിയതെന്ന്. പിന്നെ ആളുകളെ ഇങ്ങനെ കളിയാക്കുന്നത് കാണുമ്പോൾ എപ്പോഴും ചിന്തിക്കാറുണ്ട്, ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ഒരിത്തിരി മാനുഷിക പരിഗണന കൊടുത്തുകൂടേയെന്ന്’ അനശ്വര കൂട്ടിച്ചേർത്തു.