ന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.
നേരത്തെ കുറ്റവിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ താനും ഇരയാണെന്നും പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.
കേസിന്റെ വിചാരണ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് ദിലീപിന്റ അപ്രതീക്ഷിത നീക്കം. കോവിഡ് പശ്ചാത്തലത്തിലാണ് കേസിന്റെ വിധി നീണ്ടുപോയത്. വിചാരണ പൂർത്തിയാക്കി ആറ് മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കേസ് കോവിഡ് സാഹചര്യം മൂലം വൈകുകയായിരുന്നു.
അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.സംഭവവത്തില്‍ ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കമുള്ള 6 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് പള്‍സര്‍ സുനിയെയും കൂട്ടാളികളെയും പൊലീസ് പിടികൂടി.
50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് അറസ്റ്റിലായ പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.
ഇതിനിടെ, അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും, ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് അഭിപ്രായപ്പെട്ടത് വന്‍ വിവാദമായി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി നിര്‍ണായക രേഖകള്‍ കണ്ടെടുത്തു. അതേവര്‍ഷം ജൂലായ് 10 ന് ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.