കൊച്ചി: കുറ്റപത്രം ചോര്‍ത്തിയത് ദിലീപെന്ന് പ്രോസിക്യൂഷന്‍. നടന്‍ ഹരിശ്ചന്ദ്രനൊന്നുമല്ലെന്നും വാദത്തിനിടയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റ പത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന കേസില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ആഞ്ഞടിച്ചത്. കേസില്‍ ഫോണ്‍രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഈ മാസം 23 ലേക്ക് മാറ്റി.
മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് പോലീസ് തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിക്കാന്‍ പോലീസ് ക്ലബിന് സമീപം ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ അന്വേഷണ സംഘം കുറ്റപ്പത്രം ചോര്‍ത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി.
ഫോണ്‍രേഖകള്‍ അടക്കമുള്ള പ്രധാന തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി വാങ്ങിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍, മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് അന്വേഷണ സംഘം തന്നെയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. മറ്റ് മാര്‍ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പോലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പോലീസിന്റെ അറിവോടെ പോലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
കുറ്റപത്രം ചോര്‍ന്നതില്‍ പോലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തി പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.