തെളിവെടുപ്പില്‍ കണ്ടെടുത്ത മൊബൈല്‍ ദൃശ്യങ്ങല്‍ പകര്‍ത്താന്‍ ഉപയോഗിച്ചതെന്ന് സംശയം; അറസ്റ്റിലാകുന്നതിന് തലേദിവസം എറണാകുളത്തെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജേഷിനെയും കൊണ്ടുള്ള തെളിവെടുപ്പ് കഴിഞ്ഞു. ഇവര്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണും ചാര്‍ജ്ജറും കണ്ടെടുത്തു. പീളമേട്ടിലെ ശ്രീറാം കോളനിയിലെ വീട്ടില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ആണോ കിട്ടിയിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല.

പള്‍സര്‍ സുനിയും വിജേഷും കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെയും കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമസ്ഥന്‍. ഇവിടെയുള്ള ഒളിസങ്കേതത്തില്‍നിന്ന് ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും. തന്റെ ബൈക്ക് മോഷണം പോയിരുന്നതായി സെല്‍വന്‍ പൊലീസിനോട് പറഞ്ഞു. അതിനിടെ, പൊലീസ് തെളിവെടുപ്പിനെത്തിയത് അറിഞ്ഞ് സുനിയുടെ സഹായി ഇവിടെ നിന്നും മുങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയെ ആക്രമിച്ചു മുങ്ങിയ ശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്ന് സുനി മൊഴി നല്‍കിയിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലാണ് ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനില്‍ വെളിപ്പെടുത്തി.

ശനിയാഴ്ചയാണ് പോലീസിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്നുതന്നെ പ്രതികളെ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Top