ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ ഹണി എം വര്‍ഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. ജഡ്ജിയെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതിയും വിചാരണ കോടതി മാറ്റണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല.
ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.പോലീസിന് ലഭിച്ച ശബ്ദരേഖയില്‍ പ്രതി വിചാരണക്കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും വിചാരണക്കോടതി മാറ്റണമെന്നുമായിരുന്നു അതിജീവതയുടെ ആവശ്യം.ജസ്റ്റിസ് അജയ് രസ്‌തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
അപ്പീലിലെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതി ജഡ്ജിമാര്‍ക്കെതിരെ തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജഡ്ജിയെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കും. അതുകൊണ്ട് ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
25 മിനിറ്റോളമാണ് ഹര്‍ജിയില്‍ വാദം നീണ്ടത്. കേസില്‍ പ്രതിയായ ദിലീപുമായി വിചാരണ കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുണ്ടോ എന്നും ഭര്‍ത്താവിനെതിരെ ആരോപണം ഉള്ളതുകൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തില്‍ നിര്‍ത്താനാകുമെന്നും കോടതി ചോദിച്ചു. ജുഡീഷ്യല്‍ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്തരം ഹര്‍ജികള്‍ ഇടയാക്കില്ലേ എന്നും കോടതി ചോദിച്ചു. പൊലീസിന് ലഭിച്ച ശബ്ദരേഖയില്‍ പ്രതി വിചാരണ കോടതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്നത് വ്യക്തമാണെന്നും അതുകൊണ്ട് നീതിലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നുമായിരുന്നു അതിജീവിത സമര്‍പ്പിച്ച അപ്പീലില്‍ പറഞ്ഞിരുന്നത്. എക്‌സൈസ് വകുപ്പില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണെന്നും അപ്പീലില്‍ ആരോപിച്ചിരുന്നു.
സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറിയത് മുന്‍വിധിയോടെയാണ്. ഇതിനകം രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറി. വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ല. വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് വിചാരണകോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. ആരോപണം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് കാട്ടിയായിരുന്നു നേരത്തെ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയത്. വിചാരണ കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധമുണ്ടെന്നും ഹണി എം വര്‍ഗീസിന് പക്ഷപാതമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.