ജര്‍മ്മനിയില്‍ പോകാന്‍ അനുമതി തേടി ദിലീപ് കോടതിയില്‍

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപ് വിദേശ യാത്ര അനുമതി തേടി വീണ്ടും കോടതിയിൽ. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി വേണമെന്നാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഒന്നര മാസത്തെ യാത്രയ്ക്കായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണ നേരിടാന്‍ കാത്തിരിക്കുകയാണ്. ജര്‍മ്മനിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ തന്റെ ഒപ്പം വരുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

അടുത്ത മാസം 15 മുതൽ ജനുവരി 30വരെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുന്നതിനായി പാസ്‌പോർ‌ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിൽ വിദേശത്തുമായാണ് ചിത്രം ചിത്രീകരിക്കുന്നത്. ഇതിനു വേണ്ടിയാണ് ദിലീപ് ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ കുറ്റപത്രം സമർപ്പിച്ച് വിചാരണയിലേക്ക് കടക്കുന്ന കേസിൽ പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വർഷം നവംബറിൽ കോടതിയിൽ സമർപ്പിച്ചുവെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. ദിലീപ് അടക്കമുള്ള പ്രതികൾ വിവിധ ആവശ്യങ്ങളുമായി കോടതിയിൽ നൽകുന്ന നിരന്തര ഹർജികളാണ് ഇതിന് തടസമാകുന്നത്.എന്നാൽ ഇതുമാത്രമല്ല ദീലിപിന്‍റെ യാത്രയിൽ കൂടെയുള്ളവരെക്കുറിച്ചും താമസം എവിടെയാണെന്നതിനെക്കുറിച്ചും വിവരങ്ങൾ മറച്ചുവയ്ക്കുന്നുണ്ട്. കോടതി നിർദേശിക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കാമെന്നു ദിലീപിന്‍റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഒമ്പതിന് പരിഗണിക്കും.

അതേസമയം കോടതി നടപടികള്‍ തടസപ്പെടുത്താനുള്ള ദിലീപിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. മാത്രമല്ല ഇരയായ സ്ത്രീക്ക് നീതി നിഷേധമാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ വീസ സ്റ്റാംപു ചെയ്യാന്‍ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപ് കോടതിയോട് അപേക്ഷിച്ചു.

Top