കാസർഗോഡ്: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടു നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്കി.ഇതേത്തുടര്‍ന്നു ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്കാന് പ്രേരിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്തു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഫോണ്‍ സന്ദേശങ്ങളും കത്തുകളും മുഖേന ഭീഷണികള്‍ ലഭിച്ചതായാണ് ബേക്കലിനു സമീപം കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാല്‍ പോലീസിനെ അറിയിച്ചത്.ഫോണ്‍ സന്ദേശം ലഭിച്ച നമ്പറുകളുടെയും കത്തുകളുടെയും വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്.കാസര്‍ഗോട്ടെ ബന്ധുവിന്റെ കടയിലും വീട്ടിലും ചിലര്‍ നേരിട്ടെത്തി ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 24 നും 25നുമാണ് ഭീഷണിക്കത്തുകള്‍ കിട്ടിയത്.
നേരത്തേ മജിസ്ട്രേറ്റിനും പോലീസിനും മുമ്പാകെ നല്കിയ മൊഴികള്‍ കോടതിയില്‍ തിരുത്തിപ്പറഞ്ഞാല്‍ പാരിതോഷികമായി ലക്ഷങ്ങള്‍ നല്‍കാമെന്നും കോട്ടിക്കുളത്തെ സ്ഥലത്തു വീടുവച്ചു നല്‍കാമെന്നും വാഗ്ദാനം ലഭിച്ചതായി വിപിന്‍ പിന്നീടു മാധ്യമങ്ങളോടു വെളിപ്പെടുത്തി.ബന്ധുവിനെ നേരിട്ടുചെന്നു കണ്ടവരാണ് ഈ വാഗ്ദാനം നല്‍കിയത്. തങ്ങള്‍ പ്രതിയായ നടന്റെ ആളുകളാണെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നത്രേ.
കഴിഞ്ഞ ജനുവരി മുതല്‍ തനിക്കു മേല്‍ ഇവരുടെ കടുത്ത സമ്മര്‍ദം തുടരുന്നുണ്ട്. എന്നാല്‍, നല്കിയ മൊഴി മാറ്റിപ്പറയാന്‍ തയാറല്ലെന്ന് അവരെ അറിയിച്ചതോടെയാണ് പ്രലോഭനങ്ങളുടെ സ്വഭാവം മാറി ഭീഷണിയായത്.
എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളില്‍നിന്നു പോസ്റ്റ് ചെയ്ത കത്തുകളാണു ലഭിച്ചത്.ഞങ്ങള്‍ കാസര്‍ഗോഡ് നേരിട്ടുവന്നു നിന്നെയും നിന്റെ ബന്ധുവിനെയും കണ്ടു പറയാനുള്ളതെല്ലാം പറഞ്ഞതാണെന്നും എന്നിട്ടും മൊഴി മാറ്റില്ലെന്നാണ് തീരുമാനമെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നു കണക്കാക്കിക്കൊള്ളൂ എന്നുമാണ് കത്തിലുള്ളതെന്നു പരാതിയിൽ പറയുന്നു.
കുടുംബത്തിലെ ബന്ധുക്കളുടെ വിലാസത്തിലാണ് കത്തുകള്‍ ലഭിച്ചത്. ഭീഷണി ബന്ധുക്കളിലേക്കു വ്യാപിപ്പിക്കുന്നത് തന്റെ മേലുള്ള സമ്മര്‍ദം കൂട്ടുമെന്നു കരുതിയാകണം ഇതെന്നും വിപിന്‍ലാല്‍ പറയുന്നു.കേസില്‍ വിപിന്‍ ലാലിന്റെ മൊഴിയെടുക്കാനുള്ള തീയതി അടുത്തുവരുന്നതിനിടെയാണ് തുടര്‍ച്ചയായി ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നത്. അടുത്ത മാസമാണ് എറണാകുളത്തെ പ്രത്യേക കോടതിയില്‍ മൊഴി നല്‍കുന്നതിനായി വിപിന്‍ലാല്‍ ഹാജരാകേണ്ടത്.വിചാരണയുടെ ആദ്യദിനങ്ങളില്‍ തന്നെ നടന് സിദ്ദിഖും നടി ഭാമയും ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയത ു വിവാദമായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായ സമയത്തു മറ്റൊരു കേസുമായി ബന്ധപ്പെട്ട് അതേ ജയിലില്‍ കിടക്കുകയായിരുന്നു വിപിന്‍ലാല്‍.നിയമവിദ്യാര്‍ഥി കൂടിയായിരുന്ന വിപിന്‍ ജയിലില്‍ വച്ചു പള്‍സര്‍ സുനിയുമായി ബന്ധം സ്ഥാപിക്കുകയും സുനിയും കൂട്ടാളികളും ഒട്ടേറെ കാര്യങ്ങള്‍ ഇയാളോടു വെളിപ്പെടുത്തുകയും ചെയ്തിരുന്നതായാണു പ്രചരിച്ചത്.
കേസിൽ പ്രതിയായ നടനിൽനിന്നു പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാന്‍ സുനിയെ സഹായിച്ചതും ഇയാളായിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദിലീപിനെതിരേ ആരോപണങ്ങള്‍ക്കു ശക്തിയേറിയതും ഒടുവിൽ പ്രതി ചേർക്കപ്പെട്ടതും.
സുനിക്കു വേണ്ടി കത്തെഴുതിയതുമായി ബന്ധപ്പെട്ടു വിപിന്‍ലാലിനെയും തുടക്കത്തില്‍ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. സുനിയുമായി ജയിലില്‍ വച്ചുണ്ടായ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നു പിന്നീടു തെളിഞ്ഞതോടെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ മജിസ്ട്രേറ്റിനു മുമ്പാകെ രഹസ്യമൊഴിയും നല്‍കിയിരുന്നു.