തിരുവനന്തപുരം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ്സുയര്‍ത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കരുതലോടെയായിരുന്നു. ഗൂഢാലോചനയെപ്പറ്റി പറഞ്ഞിരുന്നുവെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. എത്ര ഉന്നതനായാലും ക്രിമിനല്‍ കുറ്റം ചെയ്താല്‍ പിടിക്കപ്പെടുമെന്നതിന്റെ തെളഇവാണ് ദിലീപിന്റെ അറസ്റ്റെന്നും കോടിയേരി പറഞ്ഞു.
അതേസമയം ദിലീപിന്റെ ‘ഡി സിനിമാസ്’ സിനിമാ സമുച്ചയത്തിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. തിയേറ്റര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാനാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടത്.
ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. വ്യാജ ആധാരങ്ങള്‍ ചമച്ചാണു ദിലീപ് സ്ഥലം കയ്യേറിയതെന്നായിരുന്നു ആരോപണം.
സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.