കൊച്ചി :കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ വിലയിരുത്തിയതായി പൊലീസ് പറഞ്ഞു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബില്‍ ചേര്‍ന്ന ഉന്നതതല യോഗം മണിക്കൂറുകള്‍ നീണ്ടു. തിങ്കളാഴ്ച രാത്രി ഏഴിനുശേഷം തുടങ്ങിയ യോഗം രാത്രി 11 നാണ് സമാപിച്ചത്.
യോഗത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. അന്വേഷണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തതെന്ന് യോഗത്തിനുശേഷം റൂറല്‍ എസ്.പി എ.വി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചോദ്യംചെയ്യലുകള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഐ.ജി. ആലുവയിലെത്തിയത്. ആലുവ എസ്.പി. എ.വി. ജോര്‍ജ്, സി.ഐ. ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ള സംഘം പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്..
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടമിട്ടവരെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്നതു സംബന്ധിച്ച് യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിർദേശം. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല.കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസ് അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സുപ്രധാന യോഗം ചേർന്നത്. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. എഡിജിപി: ബി.സന്ധ്യ മേൽനോട്ടം വഹിക്കുന്നു. മികച്ച ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. ദിനേന്ദ്ര കശ്യപ് സിബിഐയിൽ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. സംഘത്തിൽ പുതിയതായി ആരെയെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ അതു ചെയ്യുമെന്നും ബെഹ്റ പറഞ്ഞു. കേസില്‍ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അവശ്യമെങ്കില്‍ സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപ് നേതൃത്വം നല്‍കും. കേസില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വീകരിച്ച കടുത്തനിലപാട് കൂടുതല്‍ അറസ്റ്റുകള്‍ അനിവാര്യമാക്കുന്ന നിലയിലെത്തിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ ഉന്നതതല യോഗം ചേര്‍ന്നത്.