കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചാണു ഹര്‍ജി. ഫോണ്‍രേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് ഉടന്‍ നല്‍കും.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നല്‍കാനാവില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി അന്ന് തള്ളുകയും ചെയ്തു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുന്‍പ് എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോണ്‍ വിവരങ്ങളും പ്രതികള്‍ക്കു നല്‍കിയിരുന്നു.