ബഹ്‌റയ്ക്കും സന്ധ്യയ്ക്കുമെതിരെ ദിലീപ് നല്‍കിയ കത്ത് പുറത്ത്; കുറ്റപത്രം നല്‍കാനിരിക്കെ പൊലീസിനെ വെട്ടിലാക്കാന്‍ നീക്കം

തിരുവനന്തപുരം: കൊച്ചിയിലെ നടി ആക്രമണ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഡിജിപി ലോകനാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യക്കുമെതിരെ ശക്തമായ നീക്കവുമായി ദിലീപ്. തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി: ബി. സന്ധ്യയും ചേര്‍ന്നു പദ്ധതി തയാറാക്കിയതായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു ദിലീപ് കത്ത് നല്‍കി. കേസില്‍ തുടരന്വേഷണം സി.ബി.ഐ.യെയോ സത്യസന്ധരായ ഉദ്യോഗസ്ഥരടങ്ങിയ മറ്റൊരു സംഘത്തേയോ ഏല്‍പ്പിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനു നല്‍കിയ കത്തിലെ പ്രധാന ആവശ്യം.

ബഹ്‌റക്കെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്. കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞ നാള്‍ മുതല്‍ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നു എല്ലാം അവഗണിച്ചു. ബെഹ്റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ സംശയത്തിന്റെ നിഴലിലാകുമായിരുന്നില്ല. ബെഹ്റയുടെ ബോധപൂര്‍വമായ അലസതമൂലമാണ് ഞാന്‍ പ്രതിയായത്. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നെ പ്രതിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13 മണിക്കൂര്‍ ചോദ്യം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടംനേടാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്ന സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ തനിക്കു വിനയായി. സന്ധ്യയെ സെന്‍കുമാര്‍ പരിഹസിച്ചതു ബെഹ്റയ്ക്ക് ഇഷ്ടമായില്ല. നാദിര്‍ഷായെ പള്‍സര്‍ സുനി ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ ബെഹ്റയെ വിവരം ധരിപ്പിച്ചു. പരിപാടി അവതരിപ്പിക്കുന്നതിനായി താന്‍ അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് സഹോദരീഭര്‍ത്താവ് ബെഹ്റയ്ക്ക് ഇ മെയില്‍ വഴി പരാതിയയച്ചു. എന്നാല്‍, സുനിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ബെഹ്റ കൂട്ടാക്കിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ബെഹ്റ അന്വേഷണസംഘത്തിനു തന്നെ നല്‍കിയത് അതിശയകരമാണ്.

എ.ഡി.ജി.പി സന്ധ്യയ്ക്ക നേരെയുള്ള ആരോപണങ്ങള്‍ ഇങ്ങനെ. സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്. ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ആലുവ പോലീസ് ക്ലബ്ബില്‍ എന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണ്. ഗൂഢാലോചനയേത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നു തന്റെ മുന്‍ഭാര്യ നടത്തിയ പ്രസ്താവന വളച്ചൊടിച്ച്, സംഭവത്തില്‍ തനിക്കു പങ്കുണ്ടെന്നു ദുര്‍വ്യാഖ്യാനം ചെയ്തു. ഏപ്രില്‍ 17-ന് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചനക്കാര്യം മിണ്ടിയിട്ടില്ല.

വാര്‍ത്താചാനലുകള്‍ പോലീസ് ക്ലബ്ബില്‍നിന്ന് തല്‍സമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി. സന്ധ്യയും കൂട്ടരുമാണ് ഈ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പരസ്പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാം.

പൊതുജനമധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നത്. ഇത് മനഃപൂര്‍വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്റയുടെ ആശീര്‍വാദമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആദ്യത്തെ അന്വേഷണോദ്യോഗസ്ഥന്‍ ആലുവ ഡിവൈ.എസ്.പി: കെ.ജി. ബിജുകുമാറായിരുന്നു. എന്നാല്‍, പൊടുന്നനെ അദ്ദേഹത്തെ മാറ്റി, സി.ഐ: ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. ഇത് എന്തിനുവേണ്ടിയായിരുന്നു? എനിക്ക് ഫോണ്‍ചെയ്യാന്‍ സുനിക്ക് ജയിലില്‍ പോലീസുകാരന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?-കത്തില്‍ ആരായുന്നു.

Top