നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ അന്വേഷണം നിലച്ചു; പോലീസിന്റെ നീക്കം എന്തിന് വേണ്ടി ?

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മൊബൈല്‍ ഫോണിനായുള്ള അന്വേഷണം നിലച്ചു. നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന് നിഗമനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കിട്ടിയില്ല. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണിത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് കോടതിയെ അറിയിക്കും. എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ ചുമതലകള്‍ നല്‍കിയതോടെ നിലവില്‍ പ്രത്യേക അന്വേഷണ സംഘമില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷമായി. തൃശൂരില്‍ നിന്ന് ഒൗഡി കാറില്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി ആക്രമിക്കപ്പെട്ടത്. ദിലീപ് എന്ന ജനപ്രിയതാരത്തെ ജയിലഴികള്‍ക്കുള്ളിലെത്തിച്ച കേസ് വിചാരണ ഘട്ടത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയുടെ കാറില്‍ കടന്നുകയറി രണ്ടു മണിക്കൂറോളം പലവഴി കറങ്ങുന്നതിനിടെ അവരെ ക്രൂരമായി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണു കേസ്. തൊട്ടടുത്ത ദിവസങ്ങളില്‍ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ അറസ്റ്റിലായി. ഫെബ്രുവരി 23ന് പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി), കൂട്ടാളി തലശ്ശേരി സ്വദേശി വിജീഷ് എന്നിവരെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിമുറിയില്‍ നിന്ന് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ തുടക്കം മുതല്‍ ദിലീപിന്റെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ജൂണ്‍ 24ന് മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്തുവന്നതോടെ താരത്തിന്റെ പങ്ക് വീണ്ടും ചര്‍ച്ചയായി. ജൂണ്‍ 28ന് ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും 13മണിക്കൂറിലധികം ചോദ്യം ചെയ്തു വിട്ടു.മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെ ദിലീപിന് മേല്‍ കുരുക്ക് മുറുകി. നടിയെ ലൈംഗികമായി ആക്രമിക്കുന്നതിന്റെ ദൃശ്യം എടുത്തുനല്‍കാന്‍ ഒന്നരക്കോടി രൂപക്കാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി വെളിപ്പെടുത്തി. ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. ആലുവ സബ്ജയിലില്‍ 523ാം നമ്പര്‍ തടവുകാരനായി 85 ദിവസം ദിലീപ് കഴിഞ്ഞു. ഇതിനിടെ, അഞ്ചു ജാമ്യാപേക്ഷകള്‍ കോടതി തള്ളി. ഒടുവില്‍ ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ജാമ്യം.നവംബര്‍ 22ന് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണക്കായി കേസ് അങ്കമാലി കോടതിയില്‍നിന്ന് എറണാകുളം ജില്ല സെഷന്‍സ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റപത്രത്തില്‍ നിരത്തിയ തെളിവുകള്‍ സ്ഥാപിച്ചെടുക്കാന്‍ പൊലീസും പഴുതുകള്‍ കണ്ടെത്തിയും സാക്ഷിമൊഴികള്‍ അനുകൂലമാക്കിയും നിയമത്തിന്റെ വലപൊട്ടിക്കാന്‍ ദിലീപും കഠിനശ്രമത്തിലാണ്.

Top