ബോളിവുഡ് നടി ജിയ ഖാനെ ആരോ കൊന്നതാണെന്ന് ആരോപണത്തിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ജിയ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ കാരണമെന്തായിരുന്നു?
ജിയയുടെ റൂമില്‍ മറ്റാരും അതിക്രമിച്ച് കടന്നിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമാണെന്ന് സിബിഐ വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദത്തിന് അടിമയായിരുന്ന ജിയ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സിബിഐ അറിയിച്ചു.
25കാരിയായ ജിയയെ 2013ല്‍ ജൂഹുവിലെ വസതിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നെങ്കിലും കാമുകന്‍ സൂരജ് പഞ്ചോലി കൊലപ്പെടുത്തിയതാണെന്ന ജിയയുടെ അമ്മയുടെ പരാതിയിലാണ് സിബിഐ കേസ് അന്വേഷിച്ചത്.
മകള്‍ കൊല്ലപ്പെട്ടതാണെന്നാണ് ജിയയുടെ മാതാവ് റാബിയാ ഖാന്‍ പൊലീസിന് നല്‍കിയ മൊഴി. നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രത്തിന് താന്‍ വിധേയയായിരുന്നതായി ജിയയുടെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു സൂരജിന്റെ അഭിഭാഷകന്‍ പറഞ്ഞത്. സൂരജ് പഞ്ചോലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.