പരാജയങ്ങളില്‍ പതറാതിരുന്നത് അച്ഛന്‍ ഒപ്പമുണ്ടെന്നുള്ള ആശ്വാസമാണെന്ന് പ്രശസ്ത താരം മഞ്ജു വാര്യര്‍. അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ മഞ്ജു കരഞ്ഞു. അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഈ നിലയിലെത്തിയത്. ‘ദൈവം തന്ന വരം എനിക്ക് കിട്ടിയിട്ടില്ല, പകരം ദൈവമേ വരവായി വന്നു. എന്‍ അപ്പ’ മഞ്ജു പറഞ്ഞു.
കരച്ചിലുകള്‍ ഉള്ളിലൊതുക്കി ഞങ്ങളെ അച്ഛന്‍ ചിരിപ്പിച്ചു. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ട് കോര്‍ത്തതാണ് എന്റെ ചിലങ്കയെന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്. വലിയ മരമായി തണലുപോലെ നിന്ന അച്ഛന്‍ തളര്‍ന്ന് പോകുന്നത് ഞാന്‍ കണ്ടു. വലുതായപ്പോള്‍ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് പഠിച്ചത് അച്ഛനില്‍ നിന്നാണ്. ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ പിന്‍ബലമെന്ന് മഞ്ജു പറഞ്ഞു. അച്ഛനെ ബാധിച്ച കാന്‍സര്‍ രോഗത്തെക്കുറിച്ച് പറയുമ്പോള്‍ മഞ്ജു വിതുമ്പി.
സമുദ്രക്കനിയുടെ അപ്പ എന്ന പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മഞ്ജു വാര്യര്‍ അച്ഛനെക്കുറിച്ചോര്‍ത്തത്. തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നതും പ്രധാനവേഷത്തില്‍ എത്തുന്നതും സമുദ്രക്കനി തന്നെയാണ്. തന്റെ കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഒരു അച്ഛന്‍ നടത്തുന്ന പ്രയത്നമാണ് അപ്പയുടെ പ്രമേയം. തമ്പി രാമയ്യ, വിഗ്നേഷ്, പ്രീതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
മലയാളികള്‍ക്ക് പരിചിതനായ സമുദ്രക്കനി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘അപ്പ’. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിലെ സംവിധായക മികവിനെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്നു. അപ്പയുടെ ട്രയിലറിനൊപ്പം ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ പിതാമഹന്‍ ഇളയരാജയുള്‍പ്പെടെയുള്ളവര്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന വീഡിയോയും പുറത്തിറക്കിറക്കിയിട്ടുണ്ട്.
അതിലൊരാളാകാന്‍ ലഭിച്ച ക്ഷണം എനിക്ക് അച്ഛനിലൂടെയുള്ള തീര്‍ഥയാത്രയായി. അപ്പയുടെ ട്രെയിലറും ആ വീഡിയോയും നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഈ മാസാവസാനം പ്രദര്‍ശനത്തിനെത്തുന്ന അപ്പയ്ക്കും സംവിധായകന്‍ സമുദ്രക്കനിക്കും എല്ലാവിധ വിജയാശംസകളും..