മലയാള ചലച്ചിത്ര ലോകത്ത് മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കു പിന്നാലെ വന്ന ഒരു അഭിനയ പ്രതിഭയായിരുന്നു മീര ജാസ്മിന്‍. പ്രശസ്ത സംവിധായകര്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു കഴിഞ്ഞു. മീര അഭിനയിച്ച എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ താരം എവിടെപ്പോയി. കല്യാണം കഴിഞ്ഞശേഷം മീരയെ തേടി നല്ല കഥാപാത്രങ്ങളൊന്നും വന്നില്ലേ?
ഇതിനിടെ ഒട്ടേറെ വിവാദങ്ങള്‍ മീരയെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. സംവിധായകരില്‍ പലര്‍ക്കും മീരയുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നുവരെ കേട്ടു. എന്താണ് യഥാര്‍ത്ഥത്തില്‍ മീരയ്ക്ക് സംഭവിച്ചത്. മീര തന്നെ പറയും. പ്രമുഖ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ മീര എല്ലാം തുറന്നു പറയുന്നു.
മീരാ ജാസ്മിന്‍ സിനിമയിലെത്തിയിട്ട് 15 വര്‍ഷമാകുന്നു. പുതിയ ചിത്രമായ പത്തു കല്‍പനകളിലൂടെ മീര വീണ്ടും എത്തുകയാണ്. സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന ഷാസിയ അക്ബര്‍ എന്ന പൊലീസ് ഓഫിസര്‍ ഒരു ഇന്‍ഡിപെന്‍ഡന്റ് ക്യാരക്ടറാണെന്ന് മീര പറയുന്നു. ആരുടെയും ജോഡിയല്ല. ഈയൊരു ട്രീറ്റ്‌മെന്റ് തന്നെ പുതിയ കാലത്തു സിനിമയില്‍ വന്നിട്ടുള്ള നല്ല മാറ്റങ്ങളില്‍ ഒന്നാണ്. അനൂപ് മേനോനും കനിഹയും തമ്പി ആന്റണിയുമെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
പുതിയ ആളുകള്‍ എല്ലാം നല്ല ടാലന്റഡ് ആണ്. അവര്‍ മലയാള സിനിമയിലേക്കു പുതിയ കണ്‍സപ്റ്റുകള്‍ കൊണ്ടുവരുന്നു. എല്ലാവരും ടെക്‌നിക്കലി ക്വാളിഫൈഡുമാണ്. പത്തു കല്‍പനകളുടെ ഡയറക്ടര്‍ ഡോണ്‍ മാക്‌സും അങ്ങനെ ഒരാളാണ്. എപ്പോഴും പറയുന്നതു പോലെയല്ല, തികച്ചും വ്യത്യസ്തമായ തീം ആണ് പത്തു കല്‍പനകളുടേത്. ഇത്തരം നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നതു വലിയ കാര്യമായി കാണുന്നു. ഇത് എന്റെ ആദ്യ പൊലീസ് വേഷമാണ്. അതിന്റെ ഒരു ത്രില്‍ ഉണ്ട്. യൂണിഫോമില്‍ വരുന്ന സീക്വന്‍സുകള്‍ വളരെ കുറവാണ്. ഷര്‍ട്ടും ജാക്കറ്റുമാണു ഷാസിയ മിക്കപ്പോഴും ധരിക്കുന്നത്. എങ്കിലും ബോഡി ലാംഗ്വേജില്‍ ഒരു പൊലീസ് ലുക്ക് ഉണ്ട്.
വിവാദങ്ങളെക്കുറിച്ച് മീര പറയുന്നതിങ്ങനെ. ഞാന്‍ എപ്പോഴും എന്റേതായ ഒരു ലോകം സ്വന്തമായി സൃഷ്ടിച്ചിട്ടുണ്ട്. ഞാനും എന്റെ കൊച്ചുസന്തോഷങ്ങളും മാത്രമുള്ള ലോകം. അതിനുള്ളില്‍ ഞാന്‍ തൃപ്തയാണ്. അതിനകത്തേക്കു ഞാന്‍ ആരെയും പ്രവേശിപ്പിക്കില്ല. അതുകൊണ്ടു വിവാദങ്ങളൊന്നും എന്നെ ബാധിക്കുകയേയില്ല. ഇതൊക്കെ സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗം മാത്രമാണ്. വിവാദങ്ങള്‍ കരിയര്‍ നശിപ്പിക്കുമെങ്കില്‍ ഇന്നു ലോകസിനിമയിലെ മികച്ച കലാകാരന്മാരില്‍ പലരും അവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും മീര പറയുന്നു.
വിവാഹം കഴിയുമ്പോള്‍ നടിമാരില്‍ മിക്കവരും സിനിമയോടു വിട പറയുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മീര പറഞ്ഞതിങ്ങനെ. സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെയാണു പ്രധാന കാരണം. വെറും കാഴ്ചവസ്തു എന്ന നിലയിലാണു സിനിമയിലും അവളുടെ സ്ഥാനം. നായകനെ മരംചുറ്റി പ്രണയിക്കുക, നൃത്തമാടുക എന്നതിനപ്പുറത്തേക്കു സ്ത്രീ കഥാപാത്രങ്ങള്‍ വളരുന്നില്ല. പ്രായമേറുന്നതും വിവാഹം കഴിച്ചു കുട്ടികളുണ്ടാകുന്നതുമൊന്നും നായകന്മാരുടെ കരിയറിനെ ബാധിക്കുന്നില്ല. എന്നാല്‍, നടിമാര്‍ തങ്ങളുടെ സൗന്ദര്യം പോയി, വിവാഹം കഴിഞ്ഞു തുടങ്ങിയ കാരണങ്ങള്‍ നിരത്തി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. കുടുംബത്തില്‍നിന്നു പിന്തുണയില്ലാത്തതും കാരണമാകാം. പക്ഷേ, എനിക്കു നല്ല സപ്പോര്‍ട്ട് ഉണ്ട്.