ലാലിനെ ഒടിയനാക്കാന്‍ ഫ്രാന്‍സില്‍ നിന്നും 25 പേരെത്തുന്നു; അസാധാരണ വേഷപ്പകര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് താരം

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പല വേഷപ്പകര്‍ച്ചകളില്‍ എത്തുന്ന ചിത്രമാണ് ഒടിയന്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അസാധാരണ വേഷപ്പകര്‍ച്ചയ്ക്കായി ഒരുങ്ങുകയാണ് താരം.

പല കാലഘട്ടങ്ങളുടെ ജീവിതം പറയുന്ന സിനിമയാണിത്. വി.എ ശ്രീകുമാറാണ് ഒടിയന്‍ സാക്ഷാത്ക്കരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പട്ടിണി കിടന്നാണേലും താന്‍ മെലിയുമെന്ന് ലാലും പറയുകയുണ്ടായി. ഇപ്പോഴിതാ ലാലിനെ ഒടിയനാക്കാന്‍ ഫ്രാന്‍സില്‍ നിന്നും മികച്ച ഒരു ടീം എത്തുകയാണ്.

ഉഴിച്ചില്‍ വിദഗ്ദന്മാര്‍, ത്വക് രോഗ വിദഗ്ദര്‍, ആയുര്‍വേദ ഭിഷഗ്വരന്മാര്‍, ഫിറ്റ്‌നെസ് ട്രെയിനേഴ്‌സ് തുടങ്ങിയ 25 അംഗ ടീമാണ് ഒടിയനായി എത്തുക. ശരീരഭാരം 15 കിലോയാണ് മോഹന്‍ലാല്‍ ചിത്രത്തിനായി കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി 35 മുതല്‍ 40 ദിവസം നീളുന്ന കഠിനമായ വ്യായാമ മുറകള്‍ താരം ചെയ്യേണ്ടി വരും. മലയാളത്തില്‍ ആദ്യമായാണ് ഒരു കഥാപാത്രത്തിന്റെ ഫിസിക്കല്‍ ഫിറ്റ്‌നസിനു വേണ്ടി വിദേശത്തു നിന്നും വിദഗ്ദര്‍ എത്തുന്നത്.

ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഒടിയന്‍ കടന്നതായി സംവിധായകന്‍ പറഞ്ഞു. 65 വയസുകാരനായാണ് ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ക്‌ളൈമാക്‌സാണ് ഒടിയനില്‍ എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന മറ്റൊരു വിവരം. 12 മിനുട്ടോളം നീണ്ടു നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ക്‌ളൈമാക്‌സ്.

Top