നടി സനുഷയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി; തൃശൂര്‍ കോടതിയിലാണ് മൊഴി നല്‍കിയത്; ട്രയിനില്‍ നടന്ന അതിക്രമത്തെത്തുടര്‍ന്നാണ് മൊഴി

നടി സനൂഷ കോടതിയില്‍ രഹസ്യ മൊഴി നല്‍കി. ട്രെയിന്‍ യാത്രക്കിടയില്‍ ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്നാണ് നടിയുടെ രഹസ്യ മൊഴി. കാല്‍ മണിക്കൂറോളം കോടതി നടപടികള്‍ നീണ്ടു. തൃശൂര്‍ കോടതിയിലാണ് നടി മൊഴി നല്‍കിയത്.

കേരളം ഞെട്ടിയ സംഭവമായിരുന്നു യുവനടി സനുഷയ്‌ക്കെതിരെ ട്രെയിനില്‍ നടന്ന അതിക്രമം. ഞരമ്പ് രോഗിയുടെ അതിക്രമശ്രമം ധൈര്യമായി നേരിട്ട യുവനടി അയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത് കൈയ്യടി നേടി.

തമിഴ്‌നാട് സ്വദേശിയും സ്വര്‍ണപണിക്കാരനുമായ ആന്റോ ബോസിനെയാണ് സുഹൃത്തുക്കളുടെ സഹായത്താല്‍ സനുഷ പൊലീസിലേല്‍പ്പിച്ചത്. ഇത്തരം അതിക്രമശ്രമങ്ങള്‍ക്കെതിരെ പരസ്യമായി ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന പ്രതികരണവും നടി നടത്തി.

അതിനിടെയാണ് പൊലീസ് ചോദ്യം ചെയ്യലിനിടെ പ്രതി വിചിത്ര വാദം ഉന്നയിച്ചത്. താന്‍ ബോധപൂര്‍വ്വം സനുഷയെ അക്രമിക്കാന്‍ ശ്രമിച്ചതല്ലെന്ന നിലപാടിലാണ് പ്രതി. ഷുഗര്‍ നില കൂടിയപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നാണ് ആന്റോ ബോസ് പറയുന്നത്. എന്നാല്‍ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റെയില്‍വേ പോലീസാണ് വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ അറസ്റ്റു ചെയ്തത്.

ബുധനാഴ്ച രാത്രി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. എസിഎ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചായിരുന്നു ഇത്.

നടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍, റെയില്‍വേ പോലീസ് ഇയാളെ പിടികൂടി. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Top