ഭര്‍ത്താവിനെ ആശുപത്രിയില്‍ കണ്ടവര്‍, കഞ്ചാവടിച്ച് കിടക്കുന്നത് കണ്ടവര്‍: ആശ ശരത് പിടിച്ച പുലിവാല്

സിനിമ പ്രമോഷന്റെ ഭാഗമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് നടി ആശാ ശരത്ത് ലൈവില്‍ വന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതാണ്. എന്നാല്‍ ഇപ്പോള്‍ വീഡിയോ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയുമായി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ആശാ ശരത്തിന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന വ്യാജപ്രചാരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്നാണ് നടിയുടെ പരാതി. ഭര്‍ത്താവിനെ അവശ നിലയില്‍ ഹോസ്പിറ്റലില്‍ കണ്ടെത്തിയതായും കഞ്ചാവടിച്ച് വഴിയരുകില്‍ കണ്ടതായും മദ്യപിച്ച് തോട്ടില്‍കിടക്കുന്നതായും പ്രചാരണം വന്നു. ഇതിനെതിരെ നടി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ആശാ ശരത്ത് ഫേസ്ബുക്കില്‍ വീഡിയോ ചെയ്തത്. എന്നാല്‍ നടി യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍, കാര്യം കൈവിട്ട് പോവുകയായിരുന്നു. തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ആശ ശരത്ത് വീഡിയോ ചെയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിനായി നടി വലിയ പിന്തുണയാണ് നല്‍കിയത്.

പ്രമോഷന്‍ വീഡിയോയുടെ ടൈറ്റിലില്‍ കാര്യം വ്യക്തമാക്കാന്‍ ആദ്യം വിട്ടുപോയിരുന്നു. പതിനായിത്തോളം പേര്‍ കണ്ടുകഴിഞ്ഞാണ് പ്രെമോഷന്‍ വീഡിയോ ആണെന്ന് ടെറ്റില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്. ചിലര്‍ ഇത് നീക്കം ചെയ്ത് തെറ്റിധരിപ്പിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആശാ ശരത്തിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്ന ആക്രമണത്തിനെതിരെയും സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

Top