മോഹന്‍ലാലിന്റെ ലാലിസവും; ശോഭനയുടെ നൃത്തവും; അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടുപേരെയും സിബിഐ ചോദ്യം ചെയ്യും

ചെന്നൈ: അഴിമതി ആരോപണത്തില്‍ പ്രശസ്ത താരങ്ങളായ മോഹന്‍ലാലും ശോഭനയും പെട്ടു. മോഹന്‍ലാലിന്റെ ലാലിസം പരിപാടിയും ശോഭനയുടെ നൃത്തവുമാണ് പണികൊടുത്തത്. ദേശീയ ഗെയിംസ് അഴിമതി ആരോപണമാണ് രണ്ട് പേരുടെയും പേരില്‍ ഉയരുന്നത്. ഇരുവരെയും സിബിഐ ഉടന്‍ ചോദ്യം ചെയ്യും.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്ക് നല്‍കിയ 1.64കോടി രൂപ തിരിച്ചയക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് പ്രധാനമായും സിബിഐ വിശദീകരണം തേടുക. ഇതുസംബന്ധമായി താരത്തിന്റെ മൊഴിരേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ പിന്നീട് സാക്ഷിയാക്കുമെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ നടക്കുന്ന വിവര ശേഖരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ സിബിഐ ചെന്നൈ സോണല്‍ (സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം) അനുമതിയോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമുണ്ടാകാനാണ് സാധ്യത. വിവര ശേഖരണത്തില്‍ ലഭിക്കുന്ന തെളിവുകള്‍ അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഉണ്ടാകും.ഗെയിംസ് കഴിഞ്ഞാല്‍ തെളിവുകള്‍ പലതും നശിപ്പിക്കപ്പെടുമെന്നുള്ളതിനാലാണ് ഇപ്പോള്‍ പ്രാഥമിക അന്വേഷണത്തിന് സിബിഐ ചെന്നൈ സോണല്‍ ജോയിന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗെയിംസിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന പ്രധാന കലാപരിപാടിയായ നടി ശോഭനയുടെ നൃത്തത്തിന് 25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിലാണ് ശോഭനയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ പരിപാടിക്ക് മാസങ്ങള്‍ക്ക് മുന്‍പ് ഇതേപരിപാടിക്ക് 5 ലക്ഷം രൂപ വാങ്ങിയ ശോഭന 25 ലക്ഷം രൂപ ഗെയിംസ് സമാപനത്തിന് വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.താരങ്ങള്‍ കലാപരിപാടി അവതരിപ്പിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം നിയമപരമായി നിശ്ചയിക്കപ്പെട്ടതല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍ക്കല്ല അമിതമായ പ്രതിഫലം നല്‍കി ഫണ്ട് ധൂര്‍ത്തടിക്കുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരാണ് പ്രധാനമായും പ്രതിക്കൂട്ടിലാവുക. ശോഭന വാങ്ങുന്ന തുകയ്ക്കുള്ള ഇന്‍കം ടാക്സ് റിട്ടേണ്‍സ് അടയ്ക്കുന്നുണ്ടോയെന്ന കാര്യം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ് പിന്നീട് പരിശോധിക്കും. വാങ്ങിയ പണം വിവാദമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നാഷണല്‍ ഗെയിംസ് സിഇഒയും മുന്‍ ഡിജിപിയുമായ ജേക്കബ് പുന്നൂസിന് സ്പീഡ് പോസ്റ്റ് വഴി 1.64 കോടിയുടെ ചെക്ക് മടക്കി നല്‍കിയിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയമ നടപടിയില്‍ നിന്നും രക്ഷ നേടാന്‍ അഭിഭാഷകരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാല്‍ പണം തിരികെ നല്‍കിയതെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കായി മാത്രം 15 കോടിയാണ് ചെലവഴിക്കുന്നത്. പടക്കംപൊട്ടിച്ച് കളയാനും വന്‍തുകയാണ് വിലയിരുത്തിയത്. ആകെ ഗെയിംസിനായി ചെലവഴിക്കുന്ന 611 കോടിയില്‍ 80 ശതമാനവും കേന്ദ്ര ഫണ്ടാണ്. ഗെയിംസ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും പല സ്റ്റേഡിയങ്ങളുടെയും പണി പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല ഇവിടേക്ക് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും എത്തിയിട്ടില്ല. വിവിധ കരാറുകളിലടക്കം വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ആരോപണം.നാഷണല്‍ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് രാജിവച്ച മുന്‍ കായിക മന്ത്രി കൂടിയായ കെബി ഗണേഷ് കുമാര്‍, പാലോട് രവി എംഎല്‍എ എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്താനും സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

Top