കൊച്ചി: ദേശീയ അവാർഡ് നേട്ടത്തിലൂടെ മലയാള സിനിമയ്ക്ക് നടി സുരഭി ലക്ഷ്മി നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ ദേശീയ അവാര്‍ഡ് കേരളത്തിലെത്തിച്ച നടി സുരഭി ലക്ഷ്മിയ്ക്ക് ആവശ്യമായ പരിഗണന മലയാള സിനിമാലോകം നല്‍കുന്നില്ലെന്ന പരാതി സുരഭി നേരിട്ടും സുരഭിയുടെ ആരാധകരും പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്. ഐഎഫ്എഫ്‌കെയിലേയ്ക്ക് മലയാളത്തിന്റെ ഈ അഭിമാനതാരത്തെ ഔദ്യോഗികമായി ക്ഷണിക്കാതിരുന്നതും ചലച്ചിത്രമേളയിലേയ്ക്ക് ആരെയും ക്ഷണിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു.
മറ്റ് പല കാര്യങ്ങളെക്കുറിച്ചും ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ മലയാള സിനിമയിലെ വനിതാ സംഘടന ചര്‍ച്ച ചെയ്‌തെങ്കിലും സുരഭിയ്ക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് അവര്‍ പരാമര്‍ശിക്കാന്‍ പോലും തയാറാകാതിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു. ഈയവസരത്തിലാണ് എന്തുകൊണ്ട് ഡബ്ലുസിസി തന്നെ തഴയുന്നു എന്ന കാര്യം വ്യക്തമാക്കി സുരഭി ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഈ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ…
സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയ സമയമായതിനാല്‍ തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില്‍ ഞാന്‍ ആ സമയത്ത് അല്‍പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു.
അപ്പോള്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കുകയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ കൂടെ നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ. സുരഭി പറയുന്നു.