വിഴിഞ്ഞം വിട്ട് അദാനി കുളച്ചലിലേയ്ക്ക: വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാകില്ലെന്നു സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം പോർട്ട് പദ്ദതിയിൽ നിന്നു അദാനി ഗ്രൂപ്പ് പിൻമാറുന്നു.
തമിഴ്‌നാടിന്റെ കുളച്ചൽ പദ്ധതിയിൽ പിടിമുറുക്കാനാണ് അദാനി വിഴിഞ്ഞം വിടുന്നത്. ഇതോടെ കേരളത്തിന്റെ ഒരു സ്വപ്‌നപദ്ധതി കൂടി ജലരേഖയാകും.
വിഴിഞ്ഞത്തിനു വേണ്ടി അദാനി കാര്യമായ തുകയൊന്നും ചെലവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 1,600 കോടി രൂപയിൽ നിന്നു നൽകിയ നൂറു കോടിയോളം രൂപ ചെലവിട്ടുള്ള ജോലികൾ മാത്രമാണു നടക്കുന്നത്. അദാനി പോർട്‌സിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം തിരുവനന്തപുരം വിട്ടുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ അദാനി മുടക്കുമെന്നു പറഞ്ഞിരുന്നത് 2,400 കോടിയാണ്. ഇതിൽ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ആയി 900 കോടി ലഭിക്കും. ശേഷിച്ച 1,300 കോടിയാണ് അദാനിക്കു ചെലവു വരുമായിരുന്നുള്ളൂ. കുറഞ്ഞ ചെലവിൽ പദ്ധതിയാകെ തട്ടിയെടുക്കാമെന്ന ലക്ഷ്യവുമായാണ് അദാനി വിഴിഞ്ഞത്തെത്തിയത്. കേന്ദ്ര സർക്കാർ അദാനിക്ക് 36,000 കോടിയുടെ കുളച്ചൽ പദ്ധതി വച്ചുനീട്ടിക്കഴിഞ്ഞു.
അദാനി വിഴിഞ്ഞത്തേക്കു വരുന്നതിനു മുമ്പുതന്നെ അതു സംബന്ധിച്ച് തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പ് സ്റ്റണ്ടായി കേന്ദ്രവും സംസ്ഥാനവും വിഴിഞ്ഞം അദാനിയുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ എൻ.ഡി.എയിൽ പ്രവേശിപ്പിക്കാൻ ബി.ജെ.പി. ശ്രമം ആരംഭിച്ചിട്ട് ഏറെയായി. അതിനു ജയലളിത മുന്നോട്ടുവച്ച ഉപാധികളിൽ പ്രധാനം കുളച്ചലും മുല്ലപ്പെരിയാറുമാണ്. കുളച്ചൽ പദ്ധതി വരുന്നതോടെ വിഴിഞ്ഞം അട്ടിമറിക്കപ്പെടുന്നതും പിന്നാമ്പുറ നീക്കങ്ങളിൽപ്പെടും. അതാണ് അദാനി വിഴിഞ്ഞത്തെ ഉപേക്ഷിക്കാൻ കാരണം.
ഇപ്പോൾ വിഴിഞ്ഞത്തു നടക്കുന്നത് കുറെയേറെ കരിങ്കൽപ്പാളികൾ കൊണ്ട് കടൽ നികത്തുക മാത്രമാണ്. ഇവിടെയും തട്ടിപ്പാണ് നടക്കുന്നത്. ടണ്ണിന് 1,200 രൂപയാണ് സർക്കാരിനു നൽകിയ എസ്റ്റിമേറ്റിൽ കാട്ടിയിരുന്നത്. ക്വാറിക്കാർക്കു നൽകുന്നത് വെറും 440 രൂപ. 80 ലക്ഷം ടൺ കരിങ്കല്ലാണ് പദ്ധതിക്ക് ആവശ്യം. കടലിൽ കല്ലിട്ടാൽത്തന്നെ കോടികൾ തടയുമെന്നു വ്യക്തം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top