കൊച്ചി: ലോക ഹിറ്റായി മാറിയ ഗാനമാണ് ‘ഒരു അഡാറ് ലൗവിലെ’ മാണിക്യമലരായ പൂവി എന്ന മനോഹര മാപ്പിളപ്പാട്ട്. പാട്ട് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം അതിലെ നായികയും സംഗീകവുമെല്ലാം പ്രേക്ഷക ലക്ഷങ്ങളുടെ മനസിനെ കീഴടക്കിയിരുന്നു. തുടര്‍ന്ന് വിവാദവും ഉണ്ടായി. പാട്ട് മുഹമ്മദ് നബിയെ ആക്ഷേപിക്കുന്നതാണെന്നും മതനിന്ദയുണ്ടെന്നും കാണിച്ച് ഹൈദരാബാദില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാത്രമല്ല പാട്ട് കേള്‍ക്കരുതെന്ന തരത്തില്‍ ഇസ്ലാം പണ്ഡിതരുടെ ഫത്വയും പുറത്തു വന്നു.
ഇതിനെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ഉമര്‍ ലുലു പറഞ്ഞു. പിന്നീട് അത് തിരുത്തി തത്ക്കാലത്തേക്കു പിന്‍വലിക്കില്ലെന്നു അണിയറക്കാര്‍ അറിയിക്കുകയും ചെയ്തു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത് എന്നാണ് അണിയറക്കാരുടെ വാദം. എന്നാല്‍ പാട്ടിനെതിരെ ഇതുവരെ കേരളത്തില്‍ ആരും തന്നെ ശബ്ദിച്ചില്ലെന്നത് വിവാദങ്ങളിലെ സംശയം വര്‍ദ്ധിപ്പിക്കുന്നു.
വര്‍ഷങ്ങളായി വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടാണിത്. അന്നും ഇന്നും ഈ പാട്ടിനെതിരെ ഒരു ശബ്ദവും കേരളത്തില്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ മലയാളമറിയാത്തവര്‍ ഗൂഗിളിന്റെ സഹായത്തോടെ പാട്ട് ട്രാന്‍സ്ലേറ്റ് ചെയ്ത് വരികളില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് വാദം. വിവാദമുണ്ടാക്കി സിനിമ ഹിറ്റാക്കുക എന്ന തന്ത്രമാണ് പലരും ചേര്‍ന്ന് പയറ്റുന്നതെന്നും സോഷ്യല്‍മീഡിയയില്‍ വാദിക്കുന്നവരുണ്ട്.
പ്രശസ്തരാകാന്‍ വേണ്ടി ഹൈദരാബാദിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ഇടപെടല്‍ മുതലെടുത്ത് സിനിമ വിവാദമാക്കാനും അതുവഴി വാര്‍ത്തകളില്‍ നിലനില്‍ക്കാനുമാണ് സംവിധായകനും കൂട്ടരും ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ വിമര്‍ശനമുയരുന്നത്. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതുപോലെ ഗുരുതരമായൊരു നടപടിയാണിതെന്നും അത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയ വാദിക്കുന്നു