കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ നടത്തിയ പ്രതിഷേധം അതിര് വിട്ടതിന് കാരണം മന്ത്രി തന്നെയാണെന്ന് വിദ്യാർത്ഥികൾ. ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിൽ എബിവിപി സംഘടിപ്പിച്ച പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. ബാബുൽ സുപ്രിയോ ഗോ ബാക്ക് വിളികളുമായി യൂണിവേഴ്‌സിറ്റി കവാടത്തിൽ നിലയുറപ്പിച്ച വിദ്യാർത്ഥികൾ സമാധാനപരമായാണ് നിലകൊണ്ടത്.
കേന്ദ്രമന്ത്രിയെത്തിയതോടെ സർവകലാശാലയിലെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞു. എന്നാൽ മന്ത്രിയും അംഗരക്ഷകരും വിദ്യാർത്ഥികളെ തള്ളിമാറ്റി പോകാനാണ് ശ്രമിച്ചത്. ഇതിനെത്തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നു. തിരികെ പോകാൻ ശ്രമിച്ച മന്ത്രിയുടെ മുടിയിൽ വിദ്യാർത്ഥികൾ പിടിച്ച് വലിച്ചതായും തള്ളിമാറ്റിയതായും പരാതിയുണ്ട്.
ഇതിനിടെ മന്ത്രി ബാബുൽ സുപ്രിയോ തന്നെ തടഞ്ഞ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയരുന്നു. തൻ്റെ റൂമിലേയ്ക്ക് വന്നാൽ ശരിക്കുള്ള ഞാൻ ആരാണെന്ന് കാട്ടിത്തരാമെന്ന് മന്ത്രി പറഞ്ഞു. ചെറിയ വസ്ത്രം ധരിക്കുന്നതെന്തിനാണെന്നും എന്തിനാണ് കാമ്പസിൽ വരുന്നതെന്നും അദ്ദഹം ഒരു വിദ്യാർത്ഥിനിയോട് ചോദിച്ചു.