തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകന്‍ ബിജു രമേശിന്റെ മകളെ വിവാഹം ചെയ്തതും കോണ്‍ഗ്രസിന് തലവേദനയായി. വിവാഹ ചടങ്ങിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ പോയതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് കാരണം. കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഇതിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ബിജു രമേശ് മറുപടിയുമായി രംഗത്തെത്തി.
താന്‍ ആരെയും വിവാഹ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. അടൂര്‍ പ്രകാശ് ക്ഷണിച്ചിട്ടാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിവാഹ ചടങ്ങിന് വന്നത്. ഇതിനെതിരെ വിമര്‍ശനം നടത്തിയ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പബ്ലിസിറ്റി മാനിയയാണെന്നും എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.
ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് തെറ്റാണെന്ന് സുധീരന്‍ ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു എന്ന് ഇരുവരും മറക്കരുതായിരുന്നെന്നാണ് സുധീരന്‍ പറഞ്ഞത്. നേതാക്കള്‍ കുറച്ചുകൂടി ഔചിത്യമര്യാദ പാലിക്കണമെന്നും ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. മാധ്യമങ്ങളും അതിഥികളും പോയിക്കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സ്ഥലത്തെത്തിയത്.