തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്ക വെളിപ്പെടുത്തി പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണമെന്നും, ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇതിനിടെ ഡിഎന്‍എ പരിശോധനക്കായി സിഡബ്യുസി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.
ഞായറാഴ്ച രാത്രി 8.28 ഓടെ അനുപമയുടെ കുഞ്ഞുമായി പൊലീസ് സംഘം ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി. പതിനഞ്ചുമിനിറ്റിനകം കുഞ്ഞിനെ കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തിച്ചു. ഡി.എന്‍.എ. പരിശോധന നടത്തുംവരെ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ്. അതിനുശേഷം സംരക്ഷിക്കാന്‍ കഴിയുന്നയാളെ കണ്ടെത്തി കൈമാറും.
വന്‍ പോലീസ് സുരക്ഷയാണ് കുഞ്ഞിനെ കൊണ്ടുവരുന്നതിനായി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കനത്ത സുരക്ഷയില്‍ത്തന്നെ കുഞ്ഞിനെയും കൊണ്ടുവന്ന സ്ത്രീയെയും പ്രത്യേക കാറില്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയി. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ മൂന്നുപോലീസുകാരും ഒരു സാമൂഹികപ്രവര്‍ത്തകയുമാണ് സംഘത്തിലുണ്ടായിരുന്നത്.