തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ കാണാനുള്ള അനുമതി അനുപമയ്ക്ക് ലഭിച്ചു. സമരപ്പന്തലില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് പോയാണ് കുഞ്ഞിനെ അനുപമ കാണുക. സിഡബ്ല്യുസില്‍ നിന്ന് കുഞ്ഞിനെ കാണാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
“ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുഞ്ഞിനെ കാണാന്‍ പോകുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കുഞ്ഞിനെ കാണുന്നതിനേക്കുറിച്ച് വളരെ ആകാംഷയുണ്ട്. കാണാന്‍ അനുമതി ലഭിക്കുമെന്ന് കരുതിയില്ല. പറയാന്‍ പറ്റാത്തത്ര സന്തോഷമുണ്ട്”, അനുപമ പ്രതികരിച്ചു.
പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നില്‍നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമയ്ക്ക് കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് കുഞ്ഞിന്റെയും അനുപമയുടേയും അജിത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.