തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ എസ് ചന്ദ്രന്‍. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കുമെന്ന് അനുപമ പറഞ്ഞു. വനിത കമ്മീഷന്‍ കേസെടുത്ത് റിപ്പോർട്ട് തേടിയിരിക്കുന്നതിനിടെയാണ് കുഞ്ഞിനുവേണ്ടി അനുപമ സമരത്തിലേക്ക് നീങ്ങുന്നത്.സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു.
പ്രസവിച്ച് മൂന്നാം നാള്‍ അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.
ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമ ആരോപിക്കുന്നു. ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം.
അതിനിടെ സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രിൽ 19ന് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു.<br> <br> എന്നാൽ എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്നായിരുന്നു സിഡബ്ല്യുസി ചെയർപേഴ്സന്റെ വാദം. ഇത് മന്ത്രി തള്ളിയിരുന്നു. പോലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.
തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.