ലോകത്തിലെ തന്നെ കുട്ടികള്‍ക്കുള്ള ഗെയിമുകളില്‍ ഏറ്റവും അറിയപ്പെടുന്ന ഒന്നായ റോബ്ലോക്സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് മാതാപിതാക്കള്‍.
നഗ്നനായ ഒരു പുരുഷന്‍, അയാള്‍ നായയുടെ വിധമുള്ള ഒരു കോളര്‍ ധരിച്ചിട്ടുണ്ട്. ഒപ്പം ബന്ധനസ്ഥയായ പോലെ വസ്ത്രം ധരിച്ച ഒരു സ്ത്രീ. അവരെ തറയിലൂടെ നടത്തുകയാണ്.
ഒപ്പം രണ്ട് സ്ട്രിപ്പര്‍മാരും ചേര്‍ന്ന് ഒരു ബാറിന് സമീപം ഡാന്‍സ് ചെയ്യുന്നു. മറ്റൊന്നില്‍ കാണുന്നത്, ദമ്പതികള്‍ പരസ്യമായി സെക്സിലേര്‍പ്പെട്ടിരിക്കുന്നതിന് ചുറ്റും കൂടി നില്‍ക്കുന്ന ഒരുകൂട്ടം ആളുകളാണ്. അവര്‍ ഇടയ്ക്കിടെ ചില കമന്റൊക്കെ പറയുന്നുമുണ്ട്.
അതിലൊരാള്‍ ധരിച്ചിരിക്കുന്നത് ഒരു നാസി യൂണിഫോമാണ്. ഇതൊക്കെ നടക്കുന്നത് കുട്ടികള്‍ക്കുള്ള ഗെയിമിലാണെന്നതാണ് വസ്തുത.
റോബ്ലോക്സ്, ഉപയോക്താക്കളെ ഒരുമിച്ച് ഗെയിമുകള്‍ സൃഷ്ടിക്കാനും കളിക്കാനും അനുവദിക്കുന്നുണ്ട്. ഇതുവഴി ഒരു ഡിജിറ്റല്‍ ലോകത്തെ മറ്റ് ആളുകളുമായി തത്സമയം കണക്റ്റുചെയ്യാനും സാധിക്കുന്നു. കളിക്കാര്‍ക്ക് പ്ലാറ്റ്ഫോം നല്‍കുന്ന ഡെവലപ്പര്‍ ടൂളുകള്‍ ഉപയോഗിച്ച് ഗെയിമുകള്‍ നിര്‍മ്മിക്കാനും കഴിയും.
അതുകൊണ്ട് തന്നെ പരമ്പരാഗത ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി, ഇതിലെ ഉള്ളടക്കം അതിന്റെ ഉപയോക്താക്കള്‍ തന്നെ സൃഷ്ടിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ഇത് വലിയ തോതില്‍ വിജയകരമായ ഒരു ബിസിനസ് മോഡലാണ്. എന്നാല്‍, അതിന്റേതായ പ്രശ്നങ്ങളും ഗെയിമുകള്‍ക്കുണ്ട്.
റോബ്ലോക്സ് സെക്‌സ് ഗെയിമുകളെ പ്ലാറ്റ്‌ഫോമില്‍ സാധാരണയായി ‘കോണ്ടോസ്’ എന്ന് വിളിക്കുന്നു. അവ ഉപയോക്താക്കള്‍ സൃഷ്ടിച്ച സ്‌പെയ്‌സുകളാണ്, ആളുകള്‍ക്ക് സെക്‌സിനെ കുറിച്ച് സംസാരിക്കാനും കഥാപാത്രങ്ങള്‍ക്ക് വെര്‍ച്വല്‍ സെക്‌സ് നടത്താനും കഴിയുന്ന ഇടങ്ങളാണ് ഇത്. ഈ ഗെയിമുകളില്‍, റോബ്ലോക്‌സിന്റെ നിയമങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല.
ഇതിന് പ്രശ്‌നമുണ്ടെന്ന് റോബ്ലോക്‌സ് അംഗീകരിക്കുന്നു. നിയമങ്ങള്‍ മനഃപൂര്‍വ്വം ലംഘിക്കാന്‍ ശ്രമിക്കുന്ന ഉപയോക്താക്കളുടെ വളരെ ചെറിയ ഉപവിഭാഗം ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം എന്ന് ഇവരുടെ വക്താവ് പറഞ്ഞു. ഈ കോണ്ടോ ഗെയിമുകള്‍ സാധാരണയായി കുറച്ച് സമയത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അപ്പോഴേക്കും അത് കണ്ടെത്തി നീക്കം ചെയ്യാറുണ്ട്.
പലപ്പോഴും ഒരു മണിക്കൂറില്‍ താഴെ മാത്രമേ അത് ആക്ടീവായിരിക്കാറുള്ളൂ എന്നും വക്താവ് പറയുന്നു. റോബ്ലോക്സിലേക്ക് അപ്ലോഡ് ചെയ്ത ഓരോ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഓഡിയോ ഫയലുകളുടെയും സുരക്ഷാ അവലോകനം ഞങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ മനുഷ്യരും യന്ത്രങ്ങളും പരിശോധന നടത്തുന്നു എന്നും പറയുന്നു.
കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഗെയിമിംഗ് പ്ലാറ്റ്ഫോമാണ് റോബ്ലോക്സ്. അതില്‍ 13 വയസില്‍ താഴെയുള്ള കുട്ടികള്‍ വരെ പെടുന്നു. അതിനാല്‍ റോബ്ലോക്സിന് പ്രത്യേകം ഉത്തരവാദിത്തമുണ്ട് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. കുട്ടികളും മുതിര്‍ന്നവരും ഈ ഇടങ്ങളില്‍ ഒരുമിച്ചുകൂടാന്‍ സാധ്യതയുള്ളതാണ് എന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. ഗെയിമിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് പരസ്പരം സംസാരിക്കാനാവുന്ന ഒരു മെസഞ്ചര്‍ സൗകര്യവും ഇതിലുണ്ട്.
പാരന്റല്‍ കണ്‍ട്രോള്‍’ ടൂളുകള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതായി റോബ്ലോക്സ് പറഞ്ഞു. കുട്ടികള്‍ ആരുമായി ഇടപഴകുന്നു, അവര്‍ക്ക് ഏതൊക്കെ കാര്യങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും എന്നതിനെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍, ഈ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് അറിയാന്‍ മാതാപിതാക്കള്‍ക്ക് സാങ്കേതിക ജ്ഞാനമുണ്ടോ എന്നതും പ്രധാന പ്രശ്നമാണ്.
ലൈംഗിക ഉള്ളടക്കമോ, ഏതെങ്കിലും തരത്തിലുള്ള അശ്ലീലമായ പെരുമാറ്റമോ ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ആരെങ്കിലും ലംഘിക്കുന്നുവെങ്കില്‍ അതിനെതിരെ ഉടനടി നടപടിയെടുക്കും എന്നും റോബ്ലോക്സ് വ്യക്തമാക്കി.