കോട്ടയം: കെ.സി.ബി.സിയും കെ.പി.സി.സിയും ഇനിയെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പുപറയണം.ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ പി.ടി തോമസിനെ കല്ലെറിഞ്ഞവര്‍ക്കെതിരെ അഡ്വ.ജയശങ്കര്‍ അതിരൂക്ഷമായി വിമര്ശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് .
കേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ മഹാദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ മത-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അധിക്ഷേപത്തിനും കല്ലേറിനും ഇരയായ പി.ടി തോമസ് എ.എല്‍.എയെ അനുകൂലിച്ചുകൊണ്ടാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്താപത്തോടെ ഓര്‍മ്മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവാണ് പി.ടി തോമസ് എന്ന് ജയശങ്കര്‍ പറയുന്നു.
അഞ്ചു വര്‍ഷം മുന്‍പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കുരിശില്‍ തറച്ചു. കോഴികൂവും മുന്‍പ് സ്വന്തം പാര്‍ട്ടിയും തള്ളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു.ഇന്ന് എല്ലാവര്‍ക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി മനസ്സിലാകുന്നുണ്ട്. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം. കെ.പി.സി.സിയും കെ.സി.ബി.യും മനസ്സുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പുപറയണമെന്നും അഡ്വ.ജയശങ്കര്‍ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രളയം പിൻവാങ്ങുമ്പോൾ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓർമിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട്- പിടി തോമസ്.
അഞ്ചു വർഷം മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേർന്ന് അദ്ദേഹത്തെ കുരിശിൽ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാർട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു. മാർ ആനിക്കുഴിക്കാട്ടിലിൻ്റെ കാലുപിടിക്കാൻ പോയില്ല.
ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയിൽ തുടരെത്തുടരെ ഉരുൾപൊട്ടലും മലയിടിയലുമുണ്ടായി ആൾനാശവും കൃഷിനാശവും ആവർത്തിക്കുമ്പോൾ, പാതിരിമാർക്കും മനസിലാകുന്നുണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിൻെറ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം.