
കാസര്‍കോട് : പൊലീസിനെതിരെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൊലീസിന്‍റെ മിക്ക നടപടികളും പാര്‍ട്ടിയേയും ഭരണത്തേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു.
പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത് പാര്‍ട്ടിയെ വല്ലാത്ത കുരുക്കിലേക്കാണ് എത്തിച്ചതെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
കൂടാതെ ആരോഗ്യ രംഗത്ത് കാസര്‍കോട് ജില്ലയോടുള്ള അവഗണന തുടരുകയാണ് എന്നും ഒപി അനുവദിച്ചെങ്കിലും മെഡിക്കല്‍ കോളേജിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല എന്നും വിമര്ശനമുണ്ട്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണന സര്‍ക്കാറിന് ദുഷ്പ്പേര് ഉണ്ടാക്കി.
പെരിയ കൊലക്കേസിലെ പ്രതികള്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിയുടേയും ഭരണത്തിന്‍റേയും പിടിപ്പു കേടാണെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു.
തുടര്‍ഭരണം കിട്ടിയിട്ടും രണ്ട് തവണ ജയിച്ച എംഎല്‍എമാര്‍ ഉണ്ടായിട്ടും ഒരു മന്ത്രി സ്ഥാനം പോലും ജില്ലയ്ക്ക് കിട്ടിയില്ല എന്നും ആരോപണമുണ്ട്. കാസർഗോഡ് ജില്ലയ്ക്ക് മന്ത്രി സ്ഥാനം കിട്ടാതിരിക്കാന്‍ ചരടുവലി ഉണ്ടായോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.