എട്ടുകോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഇരുപത്തിയൊന്നുകാരി പോലീസ് പിടിയില്‍; യുവതിയുടെ പ്രതിഫലം ലക്ഷങ്ങള്‍

പാലക്കാട്: വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടുകിലോഗ്രാം ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിക്കവേ കന്യാകുമാരിയില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരി പോലീസിന്റെ പിടിയിലായി. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജയാണ് ഇന്ന് രാവിലെ എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയും സ്പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്.

തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലാണ് ഓയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു പദ്ധതി. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.രാജീവ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്സൈസ് അധികൃതര്‍ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

Top