തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റെയില്‍വെ, വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഒരാഴ്ചക്കകം നടപടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാണിച്ച് കമ്മീഷന്‍ മന്ത്രാലയങ്ങള്‍ക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് പ്രമുഖ ചാനല്‍ പുറത്തുവിട്ടു.
പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷവും റെയില്‍വെ ടിക്കറ്റിലും എയര്‍ ഇന്ത്യയുടെ ബോഡിങ് പാസിലും നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍ കമ്മിഷന്റെ നോട്ടീസിന് ഇരു മന്ത്രാലയങ്ങളും മറുപടി നല്‍കുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത ശേഷം ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
മന്ത്രാലയങ്ങളുടെ സമീപനത്തില്‍ കടുത്ത അതൃപ്തിയും കമ്മിഷന്‍ രേഖപ്പെടുത്തി. പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതി ഉയര്‍ന്ന നമോ ടിവി യോട് കമ്മീഷന്‍ വിശദീകരണം തേടി.
ഇതിന് പുറമെ മേം ഭി ചൌക്കിദാര്‍ എന്നെഴുതിയ ചായക്കോപ്പ ഉപയോഗിക്കുന്നതിനെതിരെ റെയില്‍വെ മന്ത്രാലയത്തിന് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചു. നാളെ പതിനൊന്ന് മണിക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ ചിത്രം ലോഗോയാക്കിയ നമോ ടിവിയുടെ സംപ്രേഷണം സംബന്ധിച്ച് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
മാര്‍ച്ച് 31ന് നമോ ടിവി പ്രവര്‍ത്തനം ആരംഭിക്കുന്ന വിവരം ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് പുറത്തുവിട്ടത്. മുഴുവന്‍ സമയവും മോദിയുടെ പ്രസംഗങ്ങളാണ് നമോ ടിവിയിലും മൊബൈല്‍ ആപ്പുവഴിയും ലഭ്യമാക്കുന്നത്. നമോ ടിവിയുടെ പ്രവര്‍ത്തനം പെരുമാറ്റച്ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ നമോ ടിവി ലൈസന്‍സില്ലാത്ത പരസ്യ പ്ലാറ്റ്‌ഫോമാണെന്നും ബി.ജെ.പിയാണ് ചെലവു വഹിക്കുന്നതെന്നുമാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്.