
ദില്ലി: ആതിഥ്യ മര്യാദയുടെ ഭാഗമായി എയര്‍ ഇന്ത്യ പുതിയ നിയമങ്ങളുമായി രംഗത്തെത്തി. എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ തീര്‍ച്ചയായും ജയ് ഹിന്ദ് പറയണം. ഇനി ഇതും പുതിയ പ്രശ്‌നത്തിന് വഴിവെക്കുമോ? എന്തായാലും വിമാനത്തില്‍ യാത്രക്കാരെല്ലാം കയറി കഴിഞ്ഞാല്‍ പുറപ്പെടുന്നതിനു മുമ്പ് ജീവനക്കാര്‍ ജയ് ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി ലോഹനി പറഞ്ഞു.
ആതിഥ്യ മര്യാദ കുറയുന്നുവെന്ന കാരണത്താലാണ് ഇത്. യാത്രക്കാരോട് മാന്യമായി പെരുമാറാനും എപ്പോഴും പുഞ്ചിരി തൂകാനും ലോഹിനി ജീവനക്കാരോട് ആവശ്യപ്പെടുന്നു. നല്ലൊരു അനുഭവമായിരിക്കണം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ യാത്രാ സമയങ്ങളില്‍ ഉണ്ടാകുന്ന വീഴ്ച പരിഹരിക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ള യാത്രക്കാരെ അവഗണിക്കുന്നുവെന്നും, ജീവനക്കാര്‍ക്കിടയില്‍ തന്നെ അതൃപ്തിയും കലഹവും ഉണ്ടാകുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമാണ് ലോഹനി മുന്നോട്ട് വെക്കുന്നത്.