സി.പി.എം ഇഷ്ടപ്പെടുന്നത് മോദി ഭരണം തുടരുന്നത് – ആന്റണി.കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ട് വിഭാഗത്തിന് സി.പി.എമ്മിൽ വിജയം

ന്യൂഡല്‍ഹി: മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസുമായി സഹകരണം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയതിനെക്കുറിച്ചായിരുന്നു പ്രതികരണം.കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തടയുന്നതിന് സിപിഎം കേന്ദ്രകമ്മിറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളാണാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തേക്കാള്‍ സിപിഎം ഇഷ്ടപ്പെടുന്നത് മോദി ഭരണത്തേയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് എംപിമാരെ കുറയ്ക്കാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേമനസാണെന്നും അദ്ദേഹം പറഞ്ഞു.പരസ്യമായി ആക്രമിക്കുകയും രഹസ്യമായി പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നതെന്നും ആന്റണി പറഞ്ഞു.ബി.ജെ.പിക്കെതിരായി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി നിരാകരിച്ചത്. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയില്‍ പ്രാമുഖ്യം ലഭിച്ചത്.

അതേസമയം കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി. ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ബംഗാൾ ഘടകത്തിന്റേയും ആവശ്യമാണ് തള്ളിയത്. വോട്ടെടുപ്പില്ലാതെയാണ് കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം എടുത്തത്. അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി.കോൺഗ്രസുമായി ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് പ്രകാശ് കാരാട്ട് വിഭാഗം വഴങ്ങാതിരുന്നതോടെ കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പിന്റെ വക്കിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ, അവസാനനിമിഷം യെച്ചൂരി പക്ഷം അയയുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണയും കാരാട്ട് വിഭാഗത്തിനാണ് ലഭിച്ചത്. അതേസമയം, പോളിറ്റ് ബ്യൂറോയിൽ വച്ച നയരേഖയിൽ മാറ്റം വരുത്താനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായിട്ടുണ്ട്. യെച്ചൂരിയുടെ രൂപരേഖയ്‌ക്ക് കാരാട്ട് ബദൽ രേഖ അവതരിപ്പിച്ചിരുന്നു.CPM -FLAGS DIH

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയനയത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വോട്ടെടുപ്പില്ലാതെ തീരുമാനം എടുക്കുകയായിരുന്നു. സമവായത്തിന് തയ്യാറല്ലെന്ന നിലപാടില്‍‍ പ്രകാശ് കാരാട്ട് വിഭാഗം ഉറച്ചുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമായിരുന്നു ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നായിരുന്നു ബംഗാള്‍ നേതാക്കളുടെ ആവശ്യം. കാരാട്ട്-യെച്ചൂരി വിഭാഗങ്ങള്‍ നിലപാടില്‍ ഉറച്ചതോടെ ഇന്ന് അടിയന്തര പിബി യോഗം ചേര്‍ന്നു.

ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. വി.എസ് മുമ്പ് യെച്ചൂരിക്കൊപ്പം ആയിരുന്നെങ്കിലും ഐസക്കിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് യെച്ചൂരിയുടെ നിലപാടിനെ വിഎസ് ആവര്‍ത്തിച്ച് പിന്തുണച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ യെച്ചൂരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് വി.എസ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയില്‍ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വിഎസ് അറിയിച്ചിരുന്നു

വര്‍ഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് തടയുന്നതിന് മതേതര ബദലിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്നും വിഎസ് അഭിപ്രായപ്പെട്ടിരുന്നു. സിപിഐഎം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കണം. ഇതുവഴി മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണിതെന്ന് തെളിയിക്കണമെന്നും വി.എസ് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിലവില്‍ മാറ്റം വേണ്ടെന്ന നിലപാടായിരുന്നു കേരളഘടകം കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കുന്നതിന് മുമ്പായിരുന്നു കോടിയേരിയുടെ പ്രതികരണം.

മുഖ്യ ശത്രുവായ ബിജെപിയെ നേരിടുന്നതിനാണ് കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട്. ബിജെപി മുഖ്യ ശത്രു ആണെങ്കിലും കോണ്‍ഗ്രസിനോടുളള എതിര്‍പ്പ് നിലനിര്‍ത്തണമെന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് തുരാനാണ് ഒക്ടോബര്‍ 2ന് ചേര്‍ന്ന പിബി ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ ധാരണയായത്.

കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെട്ടോ ദേശീയ തലത്തില്‍ ഉണ്ടാകില്ല. പകരം ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കുമെന്ന നിവപാടില്‍ ഉറച്ച് മുന്നോട്ട് പോകാനാണ് പിബിയിലെ ധാരണ. ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയെന്നും അതിനാല്‍ രാഷ്ട്രീയ നയങ്ങളില്‍ പൊളിച്ചെഴുത്ത് വേണം എന്നാണ് യെച്ചൂരി വാദിച്ചത്.

സീതാറാം യെച്ചൂരി സെപ്തംബര്‍ നാലിന് നല്‍കിയ രേഖ:

21ാം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനങ്ങളുമായും രാഷ്ട്രീയ അടവുനയവുമായും ഒത്തുപോകുന്നതല്ല ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടിയുണ്ടാക്കിയ ധാരണയെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ഇടതുമുന്നണിയായി മത്സരിക്കുന്നതിന്റെ മൊത്തത്തിലുള്ള അനുഭവം വളരെ നിരാശാകരമാണ്. 21ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പരിപാടി പരിഷ്‌കരിച്ച്, വര്‍ഗീയ വിഭാഗീയതയുടെ കടന്നാക്രമണത്തെ തടയുകയെന്ന ഇപ്പോഴത്തെ ദൗത്യം അടിവരയിട്ടു പറയണം.

ഇനിയുള്ള സമയത്ത്, ഇപ്പോഴത്തെ സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാവും പ്രഥമ ദൗത്യം. അത് സാധ്യമാക്കേണ്ടതിന് പാര്‍ട്ടിയുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടലും ഏകീകരിക്കണം, ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണം, ഇടത്, ജനാധിപത്യ ശക്തികളുടെ ഐക്യമുണ്ടാക്കണം, ദൗത്യം സാധ്യമാക്കാന്‍ എല്ലാ മതനിരപേക്ഷ ശക്തികളുടെയും പിന്തണ തേടണം.തെരഞ്ഞെടുപ്പുപരമായി ഇടതല്ലാത്ത പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണി രൂപീകരിക്കാത്തപ്പോള്‍ തന്നെ, ലക്ഷ്യം നേടാനായി അവരുമായി ധാരണയും സഹകരണവും വേണം.രാഷ്ട്രീയ സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ നേരിടുന്നതിന് രാഷ്ട്രീയ അടവുനയവുമായി ഒത്തുപോകുന്ന വഴക്കമുള്ള നയം വേണം.

പ്രകാശ് കാരാട്ടിന്റെ രേഖ: ഒക്ടോബര്‍ രണ്ട്

ബിജെപിയുടെ വര്‍ഗസ്വഭാവം തന്നെയാണ് കോണ്‍ഗ്രസിനും. അവരുടെ രാഷ്ട്രീയ ശക്തിയും സംഘടനയും ശോഷിക്കുകയാണ്. അവര്‍ പ്രധാന ഭരണവര്‍ഗ പാര്‍ട്ടിയുടെ ഇടം ബിജെപിക്ക് വച്ചൊഴിഞ്ഞു. മതനിരപേക്ഷമെന്ന് പറയുമെങ്കിലും വര്‍ഗീയശക്തികളെ സുസ്ഥിരമായ നേരിടുന്നതില്‍ അവര്‍ പരാജയമെന്ന് തെളിയിച്ചിട്ടുണ്ട്. വന്‍കിട ബൂര്‍ഷ്വാ-ജന്‍മി വര്‍ഗത്തിന്റെ പ്രതിനിധികളായ കോണ്‍ഗ്രസിനെ രാഷ്ട്രീയ സഖ്യകക്ഷിയോ ഐക്യ മുന്നണിയിലെ പങ്കാളിയോ ആയി കാണാനാവില്ല.

Top