കോഴിക്കോട്:ഫെബ്രുവരി മലയാളത്തെ വീണ്ടും കരയിക്കുകയാണ്.ആദ്യം ഓഎന്‍വി പിന്നെ ആനന്ദകുട്ടന്‍ ഞെട്ടലില്‍ നിന്ന് മാറും മുന്‍പ്രാജാമണി ഇതാ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടിലും കടന്നുപോകുകയാണ്.
മലയാള കലാസാംസ്‌കാരിക ലോകത്തിന് ഫെബ്രുവരി സമ്മാനിച്ചത് നഷ്ടങ്ങള്‍ മാത്രം. ഒഎന്‍വി കുറുപ്പ് ഓര്‍മ്മയായതിന് പിന്നാലെ പ്രമുഖ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടിലും അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. അദ്ധ്യാപകരുടെ ജീവിതവും അനുഭവും ചേര്‍ത്തുവച്ച എഴുത്തുകളാണ് അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരനെ ജനകീയനാക്കിയത്. രണ്ട് തവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡും ഹാസ്യവിഭാഗത്തില്‍ സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ആദ്യ പുരസ്‌കാരവും അക്ബര്‍ കക്കട്ടിലിനായിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പൈടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശമീല ഫഹ്മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ 1954 ജൂലൈ 7ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബര്‍ കക്കട്ടിലിന്റെ ജനനം. കക്കട്ടില്‍ പാറയില്‍ എല്‍. പി വട്ടോളി സംസ്‌കൃതം സെക്കന്റഡറി എന്നീ സ്‌കൂളുകളില്‍ പഠിച്ചു. പ്രീഡിഗ്രി ആദ്യവര്‍ഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടര്‍ന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവര്‍ഷം തൃശൂര്‍ കേരളവര്‍മ്മ കോളേജിലും രണ്ടാം വര്‍ഷം തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും പഠിച്ചു. ബ്രണ്ണനില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിങ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിങ് കോളേജിലും കോളേജ് യൂണിയന്‍ ചെയര്‍മാനും കാലിക്കട്ട് യൂനിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
പഠനം കഴിഞ്ഞ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു!. സര്‍വീസില്‍ നിന്നു പിരിയും വരെ ദീര്‍ഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്‌കൂളില്‍ കുറച്ചു വര്‍ഷങ്ങള്‍. കുറ്റ്യാടി ഗവ.ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിര്‍മ്മാണസമിതികളില്‍ ദീര്‍ഘകാലമായി അംഗമായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേര്‍ണിങ് ബോഡികള്‍, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷന്‍ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോര്‍ഡ്, പ്രഥമ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയായ ‘ഹരിത വിദ്യാലയ’ത്തിന്റെ പര്‍മനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കണ്‍വീനറുമായിയിരുന്നു. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികള്‍, സംസ്ഥാന സാക്ഷരതാമിഷന്‍ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് ( എന്‍ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ ആറാംകാലം കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകള്‍ സംസ്ഥാന സിലബസ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.