ദില്ലി:ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ . ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് കത്തിൽ പറയുന്നത്.
ബി ജെ പി വക്താവ് നപൂര്‍ ശര്‍മ്മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയത്. ഖത്തര്‍, കുവൈത്ത്, യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. നേരത്തെ ബി ജെപി നേതാവിന്റെ പരാമര്‍ശത്തനെതിരെ താലിബാനും രംഗത്തെത്തിയിരുന്നു. മതഭ്രാന്തെന്ന് വിശേഷിപ്പിച്ച താലിബാന്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി.പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്.
നമ്മുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങള്‍ കൊല്ലും, നമ്മുടെ പ്രവാചകനെ അപമാനിക്കാന്‍ തുനിയുന്നവരെ തകര്‍ക്കാന്‍ ഞങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കള്‍ കെട്ടുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ദില്ലിയിലും മുംബൈയിലും യുപിയിലും ഗുജറാത്തിലും കാവി ഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കൂ എന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മലേഷ്യ, കുവൈറ്റ്, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഒരു ടിവി ചര്‍ച്ചയ്ക്കിടെ നൂപുര്‍ ശര്‍മ്മ അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ മറ്റൊരു നേതാവ് നവീന്‍ ജിന്‍ഡാല്‍ ട്വിറ്ററിലും മതവികാരം വ്രണപ്പെടുന്ന വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നൂപൂര്‍ ശര്‍മ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നൂപുര്‍ ശര്‍മ്മയെ മഹാരാഷ്ട്ര പോലീസ് ചൊവ്വാഴ്ച വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
മൊഴി രേഖപ്പെടുത്താന്‍ ജൂണ്‍ 22ന് താനെ ജില്ലയിലെ മുംബ്ര പോലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ നപൂര്‍ ശര്‍മ്മയെ ബി ജെ പി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗ്യാന്‍ വാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് നുപൂര്‍ ശര്‍മ്മ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങള്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ശര്‍മ്മയുടെ പരാമര്‍ശം.
ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുണ്ടെന്നും നുപൂര്‍ ശര്‍മ്മ ആരോപിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ നപൂര്‍ ശര്‍മ്മ ഖേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. താന്‍ നടത്തിയ പരാമര്‍ശം ആരെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ പ്രസ്താവന പിന്‍വലിക്കുകയാമെന്നും നുപൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല.
നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു. ഗ്യാന്‍വ്യാപിയിലേത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണെന്നായിരുന്നു പരിഹാസം. ഡല്‍ഹിയിലെ റോഡരികിലെ ബോര്‍ഡുകളുമായും തൂണുകളുമായും ശിവലിംഗത്തെ താരതമ്യപ്പെടുത്തി പരിഹസിച്ചു. നമ്മുടെ മഹാദേവനോടുള്ള ഈ തുടര്‍ച്ചയായ അധിക്ഷേപവും അനാദരവും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, അതിനുള്ള മറുപടിയായി ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും നുപൂര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, കർണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ രംഗത്ത് വന്നിരുന്നു. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ പ്രതികരിക്കണമെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു.