ആലത്തൂരില്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ നിര്‍ജീവം:അപ്രശസ്തയെ രംഗത്തിറക്കിയതിൽ നീരസത്തോടെ നേതാക്കൾ !!പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നില്‍

തൃശൂര്‍:2019ല്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ ഇനി കുറച്ച് നാളുകള്‍ കൂടി കാത്തിരുന്നാല്‍ മതി. രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും മുഖാമുഖം വരുന്ന പോരാട്ടത്തില്‍ ആര് വിജയിക്കും എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം. അതിനിടെ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ കൊഴുക്കുന്നുണ്ട്.നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം വട്ടം അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ ഉളളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനാകട്ടെ അധികാരം തിരിച്ച് പിടിക്കുകയും വേണം.

എന്നാൽ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യാ ഹരിദാസിനെ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ക്യാമ്പുകള്‍ നിര്‍ജീവം. എല്‍ഡിഎഫ് പ്രചാരണരംഗത്തു ബഹുദൂരം മുന്നില്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ഥികളെ വീതം വയ്ക്കുന്നതാണു സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് ജില്ലയിലുള്ള ഒരു വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആലത്തൂരില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ അമര്‍ഷമുള്ളവരും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. തീപ്പൊരി നേതാക്കളെയിറക്കാതെ അപ്രശസ്തയെ രംഗത്തിറക്കിയതിലും നീരസമുണ്ട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസിനെ പാലക്കാട്, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആലത്തൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ പരിചയപ്പെടുത്തുകയെന്ന ദൗത്യമാണു യു.ഡി.എഫ്. ആദ്യം എറ്റെടുക്കുക.

ലോക്‌സഭാ മണ്ഡലത്തിലെ മണ്ഡലം പ്രസിഡന്റുമാര്‍ വരെയുള്ള കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ഇന്നലെ പാലക്കാട് ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായി.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ എല്‍.ഡി.എഫ്. ക്യാമ്പുകള്‍ സജീവമാണ്. ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. കണ്‍വന്‍ഷനുകളിലും വനിതകളെ മാത്രം പങ്കെടുപ്പിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ പാര്‍ലിമെന്റും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ബൂത്ത്തല കണ്‍വന്‍ഷനുകള്‍ക്കുശേഷം പര്യടനം ആരംഭിക്കുന്നതോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തനം ശക്തമാകും.

ബി.ജെ.പിക്ക് ഇവിടെ സ്ഥാനാര്‍ഥിയായിട്ടില്ല. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം നീക്കിവച്ചതെന്നറിഞ്ഞതോടെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും നിരാശയിലായി. ശബരിമല സമരത്തിലൂടെ നേടിയെടുത്ത സംഘടനാ കെട്ടുറുപ്പ് തെരഞ്ഞെടുപ്പ് രംഗത്തു പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു സംഘ്പരിവാര്‍ സംഘടനകള്‍. ബി.ജെ.പി. സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ എല്ലാമൊരു കാട്ടിക്കൂട്ടലാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തി തീര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

സിനിമാശൈലിയില്‍ പറഞ്ഞാല്‍ ഇത്തവണ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടേത് മാസ് എന്‍ട്രിയായി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിലേക്ക് അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായി എത്തിയ രമ്യ ഹരിദാസാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരം. മികച്ച പ്രാസംഗിക, അതിലും നല്ല ഗായിക. മൂപ്പത്തിരണ്ടുകാരിയുടെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിനിമാഗാനങ്ങളും നാടന്‍ പാട്ടുകളും കവിതകളുമെല്ലാം ഈണം കലര്‍ത്തി നര്‍മ്മത്തില്‍ ചാലിച്ച് നടത്തുന്ന സംഭാഷണങ്ങള്‍ക്കു വേണ്ടി യു.ട്യൂബില്‍ ഈ ദിവസങ്ങളില്‍ മാത്രം നിരവധി പേരെത്തി. ആലത്തൂര്‍ പോലൊരു മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കാവുന്ന സ്വപ്നതുല്യമായ തുടക്കം.

ഫെയ്‌സ്ബുക്കിലും ഈ യുവനേതാവിനെ പിന്തുടരുന്നവര്‍ ഏറെ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ടാലന്റ് ഹണ്ട് പരിപാടിയിലൂടെ വളര്‍ന്ന നേതാവ്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മാതൃകയില്‍ രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്ത ടാലന്റ് ഹണ്ട് പരിപാടി പല കോണുകളില്‍ നിന്നും വിമര്‍ശനം ക്ഷണിച്ചു വരുത്തിയെങ്കിലും വി.ടി. ബല്‍റാമിനെപ്പോലെ നിരവധി യുവനേതാക്കളെ പാര്‍ട്ടിക്ക് സംഭാവന ചെയ്യാന്‍ അതിലൂടെ സാധിച്ചു എന്ന് രാഷ്ട്രീയ എതിരാളികള്‍ക്കു പോലും സമ്മതിക്കേണ്ടി വരും.


നവമാധ്യമങ്ങളിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള കോണ്‍ഗ്രസിലെ പുതുതലമുറയില്‍പെട്ട നേതാവാണ് രമ്യ. രണ്ടു തവണ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലിമെന്ററി മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ ദേശീയതലത്തിലും വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അവതരിപ്പിക്കുന്ന സര്‍പ്രൈസ് സ്ഥാനാര്‍ഥിയാണ് രമ്യ എന്ന് പറയുന്നത് തെറ്റാവില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലൊന്നും രമ്യയുടെ പേര് ഉണ്ടായിരുന്നില്ല. ആലത്തൂരില്‍ അവര്‍ സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം തികയ്ക്കുകയാണെന്ന പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. രണ്ടു തവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ നിന്ന് വിജയിച്ച പി.കെ. ബിജുവിന് ശക്തയായ എതിരാളിയായാണ് രമ്യ ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top