അഹമ്മദാബാദ് :ഗുജറാത്തില്‍ പത്ത് പാക് ഭീകരര്‍ കടന്നു കയറിയതായി പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാഞ്ചുവ. ഇന്ത്യയുടെ അജിത് ഡോവലിനാണ് വിവരം കൈമാറിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ലഷ്കറെ തയിബയുടെയോ, ജയ്ഷെ മുഹമ്മദിന്റെയോ ഭീകരര്‍ ആണ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ളതെന്നാണ് പാക്കിസ്ഥാന്‍ നല്‍കിയിരിക്കുന്ന വിവരം. ഇതാദ്യമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായുള്ള വിവരം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറുന്നത്. ശിവരാത്രി ആഘോഷങ്ങളെ മുന്നില്‍ക്കണ്ടാണ് ഭീകരര്‍ എത്തിയിട്ടുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ശിവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് നടക്കുമ്പോഴും ശിവരാത്രിപോലെയുള്ള ആഘാഷങ്ങള്‍ വരുമ്പോഴും പരമാവധി മാധ്യമശ്രദ്ധ കിട്ടാനായി ‘ചില കേന്ദ്രങ്ങള്‍’ ഭീകരാക്രമണങ്ങള്‍ക്കു മുതിര്‍ന്നേക്കുമെന്നു പശ്ചിമ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ കെ.ജെ. സിങ് ശനിയാഴ്ച പറഞ്ഞിരുന്നു. ‘ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ചില വിവരങ്ങള്‍ ഉണ്ട്, ചില ലക്ഷണങ്ങള്‍ കാണാനുണ്ട്. പക്ഷേ, ഞങ്ങള്‍ തികഞ്ഞ ജാഗ്രതയിലാണ്. അത്രമാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
പട്രോളിങ്ങിനിടെ കച്ച് തീരത്തുനിന്നു പാക്കിസ്ഥാനില്‍ നിന്നുള്ള മീന്‍പിടിത്തബോട്ട് അതിര്‍ത്തിരക്ഷാ സേന ഇന്നലെ പിടിച്ചെടുത്തിരുന്നു. ഈ മേഖലയില്‍ നിന്നു കഴിഞ്ഞ അഞ്ചു മാസത്തിനിടെ അതിര്‍ത്തിരക്ഷാ സേന പിടികൂടുന്ന അഞ്ചാമത്തെ പാക്ക് മീന്‍പിടിത്ത ബോട്ടാണിത്.ഡിജിപി പിസി താക്കൂര്‍ പ്രധാനപെട്ട നഗരങ്ങളിലും ജില്ലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപെട്ട് യോഗം വിളിച്ചു ചേര്‍ത്തു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ച് തീരത്ത് ബിഎസ്എഫ് നടത്തിയ പെട്രോളിങിനിടയില്‍ പാക് മത്സ്യ ബന്ധന ബോട്ട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറിയെന്ന വിവരം ലഭിക്കുന്നത്.