കണ്ണൂർ : നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച ആലക്കോട് നെല്ലിക്കുന്നിലെ താരാമംഗലം മാത്തുക്കുട്ടി (54), മകൻ വിൻസ് (18) എന്നിവരുടെ സംസ്കാരം ഇന്ന് (03-11-2022-വ്യാഴം) വൈകുന്നേരം നാലിന് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ പതിനൊന്നോടെ മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും. ചൊവ്വാഴ്ച മാനന്തവാടി രൂപതാ സഹായമെത്രാനായി സ്ഥാനമേറ്റ മാർ അലക്സ് താരാമംഗലത്തിന്റെ അനുജനാണ് മരിച്ച മാത്തുക്കുട്ടി.
ബുധനാഴ്ച രാവിലെ പത്തോടെ നെല്ലിക്കുന്നിലെ വീട്ടുമുറ്റത്താണ് അപകടം. വീട്ടിൽനിന്ന് മകനുമൊത്ത് പുറത്തേക്ക് പോകാൻ കാർ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ആൾമറയും തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു. വിൻസായിരുന്നു കാർ ഓടിച്ചിരുന്നത്. വിവരമറിഞ്ഞ് ഓടിക്കൂടിയവർ കിണറ്റിലിറങ്ങി കാറിന്റെ ഗ്ലാസ് തകർത്താണ് പിൻസീറ്റിലായിരുന്ന മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആലക്കോട് സഹകരണ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മകൻ വിൻസിനെ പുറത്തെടുത്തത്. കാറും പുറത്തെടുത്തു. ആലക്കോട് സഹകരണ ആസ്പത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിൻസിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെ മരിച്ചു. ജർമനിയിൽ നഴ്സിങ് പഠനത്തിന് പോകാനിരിക്കുകയായിരുന്നു വിൻസ്.
ചൊവ്വാഴ്ച മാനന്തവാടിയിൽ നടന്ന മെത്രാഭിഷേക ചടങ്ങുകളിൽ കുടുംബാംഗങ്ങൾ എല്ലാവരും പങ്കെടുത്തിരുന്നു. രാത്രി എട്ടോടെയാണ് മടങ്ങിയെത്തിയത്. സംഭവമറിഞ്ഞ് വീട്ടിലും ആശുപത്രിയിലും വൈദികരും രാഷ്ട്രീയ-സാമൂഹികരംഗത്തെ നേതാക്കളടക്കം ഒട്ടേറെപ്പേർ എത്തി. രാഹുൽ ഗാന്ധി എം പി കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.
പരേതരായ താരാമംഗലം ലൂക്കിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റു മക്കൾ: ആൻസ്, ലിസ് (നഴ്സ്, ജർമനി), ജിസ് (നഴ്സിങ് വിദ്യാർഥിനി, ജർമനി). മരുമകൻ : ആൽബിൻ തെക്കേപ്പറമ്പിൽ (ബാലപുരം). മറ്റൊരു സഹോദരൻ: ജോയി (ആലക്കോട് ഹിൽ ടോപ്പ്).